തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കാസര്‍കോട്ടുകാരുടെ വേറിട്ട സമരം..! കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ മലയോര മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ‘കരച്ചില്‍ സമരം’ നടത്തിയത്. ‘കരയുന്ന കുഞ്ഞിനേ പാലുള്ളു’ എന്ന് പഴമക്കാര്‍ പറയുന്നത് ഉള്‍ക്കൊണ്ടാണ് കാസര്‍കോട്ടുകാര്‍ അത്തരത്തിലുള്ള പുതിയൊരു സമരമുഖം ആവിഷ്‌കരിച്ചത്.

സമര പന്തലില്‍ നിന്ന് പ്രസംഗത്തിനു പകരം പൊടുന്നനെ കൂട്ട കരച്ചില്‍ കേട്ട്, തൊട്ടരികില്‍ മറ്റൊരു സമരത്തിനു നേതൃത്വം നല്കുകയായിരുന്ന കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി അടക്കം സകലരും തെല്ലുനേരത്തേക്ക് അന്തം വിട്ടു, കാസര്‍കോട്ടുകാര്‍ നടത്തുന്ന ഒരു വേറിട്ട സമരമാണ് അതെന്നു അതിനു സാക്ഷ്യം വഹിച്ചവര്‍ക്കെല്ലാം പിന്നീട് ബോദ്ധ്യമായി. ആയിരക്കണക്കിന് ആളുകള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന മര്‍മ്മ പ്രധാനമായ ചില ആവശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനും അതിനു പരിഹാരം കാണുന്നതിനും വേണ്ടിയാണ് പുതുമയാര്‍ന്ന ഈ സമരമുറ കൈക്കൊണ്ടത്.
https://www.youtube.com/watch?v=M63w9dgdatM
മണ്ഡലത്തിലെ തകര്‍ന്നു തരിപ്പണമായ ഒരുപറ്റം റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം ഉണ്ടാക്കുന്നതിനും റോഡ് നിര്‍മാണത്തിലെ അഴിമതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിനും പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവത്തിന് എതിരേയുമാണ് ഇവരുടെ ധാര്‍മിക സമരം. 17 ദിവസമായി കാസര്‍ക്കോട്ടെ ബദിയടുക്ക പി ഡബ്ല്യൂ ഡി ഓഫീസിന് മുന്നില്‍ നടന്നുവരുന്ന സമരത്തിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ‘കരച്ചില്‍ സമരം’ സംഘടിപ്പിച്ചത്.
