സുഹൃത്തുക്കളടക്കം എല്ലാവരും കുറ്റപ്പെടുത്തി, ചിലര്‍ എനിക്ക് വട്ടാണെന്ന് പറഞ്ഞു; എട്ട് നിലയില്‍ പൊട്ടിയ സിനിമയുടെ രണ്ടാം ഭാഗം ചെയ്യുമ്പോള്‍ അത് ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല, നിര്‍മാതാവ് പറയുന്നത്

  • Post category:news
  • Reading time:2 mins read
You are currently viewing സുഹൃത്തുക്കളടക്കം എല്ലാവരും കുറ്റപ്പെടുത്തി, ചിലര്‍ എനിക്ക് വട്ടാണെന്ന് പറഞ്ഞു; എട്ട് നിലയില്‍ പൊട്ടിയ സിനിമയുടെ രണ്ടാം ഭാഗം ചെയ്യുമ്പോള്‍ അത് ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല, നിര്‍മാതാവ് പറയുന്നത്

കൊച്ചി: മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായാണ് തിയറ്ററുകളില്‍ എട്ട് നിലയില്‍ പൊട്ടിയ ഒരു സിനിമയുടെ രണ്ടാം ഭാഗം വരുന്നത്. അതെ പറയുന്നത് ആട്-2 എന്ന സിനിമയെ കുറിച്ചാണ്. ജയസൂര്യ എന്ന നടന്‍ ഷാജി പാപ്പാന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ഒന്നാം ഭാഗത്തില്‍ ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ചിത്രം നിര്‍മാതാവിന് കൈപൊള്ളിയ ചിത്രം കൂടിയായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ നടനെക്കാളും സംവിധായകനെകാളും കൂടുതല്‍ ധൈര്യം നിര്‍മാതാവിനുണ്ടാവണം എന്നതാണ് പ്രധാനം. ചെയ്യുന്ന ചിത്രത്തിനോടുള്ള വിശ്വാസമായിരുന്നു വിജയ് ബാബു എന്ന നിര്‍മാതാവിന്റെയും ഫ്രൈഡെ ഫിലിംസിന്റെയും കരുത്ത്. സുഹൃത്തുക്കളടക്കം എല്ലാവരും ഈ സിനിമയുടെ രണ്ടാംഭാഗം വരുന്നു എന്നറിഞ്ഞപ്പോള്‍ കുറ്റപ്പെടുത്തി. ചിലര്‍ എനിക്ക് വട്ടാണെന്ന് പറഞ്ഞു. എന്നിട്ടും പിന്‍തിരിഞ്ഞില്ല, കാരണം എനിക്ക് എന്നോടുള്ള വിശ്വാസം കൂടാതെ ചെയ്യുന്ന സിനിമയോടുള്ള വിശ്വാസം. ആട് -2 ജനം ഏറ്റടുത്തപ്പോള്‍ എല്ലാം നല്ലതിനായിരുന്നു എന്ന തോന്നല്‍, ഇപ്പള്‍ ഏറെ സന്തോഷമുണ്ടെന്ന് വിജയബാബു പറയുന്നു.സിനിമയുടെ റിലീസിനായി ഏറെ ബുദ്ധിമുട്ടി ആട് 2 എന്ന ചിത്രത്തിന്റെ റിലീസ് ദിവസത്തിന് തൊട്ടുമുന്‍പ് വരെ ഞങ്ങളുടെ ടീമിനല്ലാതെ ആര്‍ക്കും വിശ്വാസമില്ലായിരുന്നു ഇത് വിജയിക്കും എന്ന്. വളരെ ബുദ്ധിമുട്ടിയാണ് തിയേറ്റര്‍ കിട്ടിയത്. മേജര്‍ ടൗണുകളിലൊന്നും തിയേറ്റര്‍ കിട്ടിയില്ല. വലിയ പടങ്ങള്‍ വരുന്ന സമയത്താണോ നിങ്ങളിതുപോലുള്ള സിനിമകളുമായി വരുന്നത് എന്നായിരുന്നു പലരുടെയും ചോദ്യം. അവരുടെയൊക്കെ കാലു പിടിച്ചു ചോദിച്ചു രണ്ട് ഷോ എങ്കിലും തരണമെന്ന്. തിയേറ്റര്‍ 100 എണ്ണം ഉണ്ടായിരുന്നുവെങ്കിലും വലിയ തിയേറ്ററുകളില്‍ ഒരു ഷോ രണ്ട് ഷോ ആയി തിരുകിക്കയറ്റിയ അവസ്ഥയായിരുന്നു. ആര്‍ക്കും വിശ്വാസം ഉണ്ടായില്ല. നിങ്ങള്‍ വിളിച്ചത് കൊണ്ട് ചുമ്മാ ഒരു ഷോ തന്നതാണെന്ന് പലരും എന്നോട് പറഞ്ഞു. പിന്നീട് അതേ തിയേറ്റര്‍ ഉടമകള്‍ രാത്രി 12 മണിക്കും രണ്ടുമണിക്കും സെക്കന്റ് ഷോ വച്ചിട്ടും ആളുകളെ നിയന്ത്രിക്കാനാകാതെ എന്നെ വിളിച്ചപ്പോള്‍ സന്തോഷം തോന്നി.ഒരു ഷോയ്ക്ക് വേണ്ടി കാലുപിടിച്ച തിയേറ്റര്‍ ഉടമകള്‍ നാല് ഷോ കളിക്കാന്‍ പടം തരുമോ എന്ന് ചോദിച്ചു. 153 തിയേറ്ററുകളില്‍ നാല് ഷോ വച്ചാണ് ആദ്യ ആഴ്ചയില്‍ കളിക്കുന്നത്. ഈ സിനിമ വിജയിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല എന്നാണ് തിയേറ്ററുടമകള്‍ പറഞ്ഞത്. എനിക്ക് വട്ടാണെന്നാണത്രെ അവരും വിചാരിച്ചത്. ആട് ഒന്ന് ഒരു പരീക്ഷണമായിരുന്നു. കുറേ ഏറെ മണ്ടന്മാരായിട്ടുള്ള നായകന്മാരുടെ കഥ. ആദ്യ ഷോ തിയേറ്ററില്‍ ഇരുന്ന് ഓഡിയന്‍സിനൊപ്പം കണ്ടപ്പോള്‍ തന്നെ മനസ്സിലായി കഥ മനസ്സിലായില്ല എന്ന്. ഒരുപാട് ആലോചിച്ച ശേഷമാണ് ആട് 2 നിര്‍മിക്കാന്‍ തീരുമാനിച്ചത് – വിജയ് ബാബു പറഞ്ഞു.

0Shares