സുല്‍ത്താന്‍ ജ്വല്ലറിയുടെ ആഭരണ നിര്‍മ്മാണശാലയില്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നല്‍ പരിശോധന; മാലിന്യ നിര്‍മാര്‍ജ്ജന കാര്യത്തില്‍ സ്ഥാപന മേധാവികള്‍ കടുത്ത വീഴ്ച വരുത്തി

  • Post category:news
  • Reading time:2 mins read
You are currently viewing സുല്‍ത്താന്‍ ജ്വല്ലറിയുടെ ആഭരണ നിര്‍മ്മാണശാലയില്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നല്‍ പരിശോധന; മാലിന്യ നിര്‍മാര്‍ജ്ജന കാര്യത്തില്‍ സ്ഥാപന മേധാവികള്‍ കടുത്ത വീഴ്ച വരുത്തി

ചാനൽ ആർ.ബി ന്യൂസ് ഇംപാക്ട്‌

കാസർകോട്: സുല്‍ത്താന്‍ ജ്വല്ലറിയുടെ കാസർകോട് വിദ്യാനഗറിലുള്ള ആഭരണ നിര്‍മ്മാണശാലയില്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നല്‍ പരിശോധന. ചാനല്‍ ആര്‍.ബി വാര്‍ത്തയെ തുടര്‍ന്നായിരുന്നു പരിശോധന. സ്ഥാപനത്തിലെ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴിഞ്ഞ പറമ്പിലേക്ക് ഒഴുക്കിവിടുന്നത് ദൃശ്യങ്ങള്‍ സഹിതം ചാനല്‍ ആര്‍.ബി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കുഴല്‍കിണറിന് സമീപത്തേക്കായിരുന്നു, മാലിന്യം ഒഴുക്കി വിട്ടിരുന്നത്.

മഴക്കാലമായതിനാല്‍ മാലിന്യം മഴവെള്ളത്തില്‍ കലര്‍ന്ന് സമീപ പ്രദേശങ്ങളിലേക്കും ഒഴുകിയെത്തുന്നത് പതിവായിരുന്നു. അസഹ്യമായ ദുര്‍ഗന്ധമാണ് സമീപ പ്രദേശങ്ങളില്‍ പടര്‍ന്നിരുന്നത്, സമീപത്തെ വീട്ടുകാരും ഇതുമൂലം വലിയ ബുദ്ധിമുട്ട് നേരിട്ടു.

കെട്ടിടത്തോട് ചേര്‍ന്നുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ടതും മാലിന്യത്തിന്‍റെ ദുര്‍ഗന്ധം സഹിച്ചുകൊണ്ടാണ്. ഐസ്‌ക്രീം സംഭരണ കേന്ദ്രവും, പാല്‍ ശേഖരണ യൂണിറ്റും, പൊതു വിതരണ കേന്ദ്രവും ഇതിനോട് ചേര്‍ന്ന് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സെപ്റ്റിക് ടാങ്ക് നിറയുമ്പോഴൊക്കെ മോട്ടോര്‍ ഉപയോഗിച്ച് കക്കൂസ് മാലിന്യം പുറന്തള്ളാറാണ് പതിവ്. ഇത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് തടയുന്നതിൻ്റെ ഭാഗമായാണ് ആരോഗ്യ വിഭാഗത്തിൻ്റെ മിന്നല്‍ പരിശോധന.

മാലിന്യ നിര്‍മാര്‍ജ്ജന കാര്യത്തില്‍ സ്ഥാപന മേധാവികള്‍ കടുത്ത വീഴ്ച വരുത്തിയതായി നഗരസഭാ അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തി. ചാനല്‍ ആര്‍.ബി ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെ നഗരസഭാ ഉദ്യോഗസ്ഥരുടെ പരിശോധന ഭയന്ന് മാലിന്യം ഒഴുക്കി വിട്ട പൈപ്പും മറ്റും എടുത്തുമാറ്റിയ അവസ്ഥയിലായിരുന്നു. ഇവിടെ ഇതര സംസ്ഥാന തൊഴിലാളികളായ അന്‍പതോളം ജീവനക്കാര്‍ ജോലി ചെയ്യുന്നതായും, ഇതേ കെട്ടിടത്തില്‍ അവര്‍ താമസിക്കുന്നതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇവര്‍ ആഹാരം പാകം ചെയ്യുന്നതും, കിടന്നുറങ്ങുന്നതും, ജോലി ചെയ്യുന്നതും ഇതേ കെട്ടിടത്തിലാണ്. അടുക്കള മാലിന്യവും, കുളിമുറിയിലെ വെള്ളവും, കക്കൂസ് മാലിന്യവുമെല്ലാം ഈ സെപ്റ്റിക് ടാങ്കിലേക്കാണ് ഒഴുക്കി വിടുന്നത്.

ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ച് അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാത്തതാണ് സെപ്റ്റിക് ടാങ്ക് നിറയാന്‍ കാരണം. കാസര്‍കോട് നഗരത്തിലും, സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തവും മാരക രോഗങ്ങളും പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കെ, സുല്‍ത്താന്‍ ജ്വല്ലറി നടത്തിയ ഈ വലിയ ദുഷ് പ്രവൃത്തി കുറ്റകരമാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിടത്തിൻ്റെ ലൈസന്‍സും മറ്റു രേഖകളും പരിശോധിച്ചതിന് ശേഷം കെട്ടിട ഉടമയ്ക്ക് അടുത്ത ദിവസം തന്നെ നോട്ടീസ് നല്‍കുമെന്ന് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ കെ.വി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രൂപേഷ് പി.ടി എന്നിവര്‍ ചാനല്‍ ആര്‍.ബിയോട് പറഞ്ഞു. സുൽത്താൻ ഗോൾഡ് ഉടമ ടി.എം അബ്ദുൽ റൗഫിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

കഴിഞ്ഞ ദിവസം ചാനൽ ആർ.ബി പുറത്തുവിട്ട വാർത്തയുടെ ലിങ്ക് :https://www.channelrb.com/News/70877

0Shares