
തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറുകാരുടെ ഭീഷണിയും തെറിവിളിയും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതവികാരം ഉണർത്തുന്ന പ്രസംഗത്തിന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയതിനും, സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ആന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് നീക്കാൻ വിസമ്മതിച്ചതിന്‍റെയും പേരിലാണ‌് സൈബർ ആക്രമണം.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഞങ്ങടെ വികാരമാണെന്നും സർക്കാരിനുവേണ്ടി കളക്ടർ കളിക്കേണ്ടന്നും നവമാധ്യമക്കുറിപ്പിൽ പറയുന്നു. പൂരങ്ങൾക്ക് ചിലപ്പോൾ ആനകൾ ഇടയും, കളക്ടർക്കും മറ്റാർക്കെങ്കിലും പേടിയുണ്ടെങ്കിൽ വരണ്ട. പേടിയില്ലാത്തവർ വന്നാൽമതി എന്ന പോസ്റ്റും പ്രചരിക്കുന്നുണ്ട്. വാട്സപ്പ് ഉൾപ്പെടെ സംഘപരിവാറുകാരുടെ നവമാധ്യമ ഗ്രൂപ്പുകളിൽ കലക്ടർ അനുപമയ്ക്കെതിരെ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷവും മതവികാരമുണർത്തുന്ന കുറിപ്പുകളും ശബ്ദസന്ദേശങ്ങളും പ്രചരിക്കുന്നു.
