സുരേന്ദ്രന്‍ നീലേശ്വരം, ശെല്‍വരാജ് കയ്യൂര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; അഭിലാഷ് മോഹനും രാമാനാഥ്പൈക്കും അവാര്‍ഡ്

  • Post category:news
  • Reading time:1 min read
You are currently viewing സുരേന്ദ്രന്‍ നീലേശ്വരം, ശെല്‍വരാജ് കയ്യൂര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; അഭിലാഷ് മോഹനും രാമാനാഥ്പൈക്കും അവാര്‍ഡ്

നീലേശ്വരം(കാസര്‍കോട്) : ഏഷ്യാനെറ്റ് കണ്ണൂര്‍ ബ്യൂറോ ചീഫായിരുന്ന സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സുരേന്ദ്രന്‍ നീലേശ്വരം സ്മാരക പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടി.വി ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനും, ശെല്‍വരാജ് കയ്യൂര്‍ സ്മാരക ഫോട്ടോഗ്രാഫി അവാര്‍ഡ് മാതൃഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ എന്‍. രാമനാഥ പൈക്കും. 10,001 രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഡോ. സെബാസ്റ്റ്യന്‍ പോള്‍, പ്രഫ. കെ.പി. ജയരാജന്‍, ഇ.വി.സി നീലേശ്വരം എന്നിവരടങ്ങിയ ജൂറി-ദൃശ്യ- മാധ്യമ അവാര്‍ഡ് ജേതാവിനെയും പ്രൊഫ. കെ. പി ജയരാജന്‍, ബാബു കാമ്പ്രത്ത്, രാമരം മുഹമ്മദ് എന്നിവരടങ്ങുന്ന ജൂറി ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവിനെയും തെരെഞ്ഞെടുത്തു. അവാര്‍ഡുകള്‍ ശനിയാഴ്ച്ച വൈകീട്ട് നാലുമണിക്ക് നീലേശ്വരം വ്യാപാരിഭവനില്‍ നടക്കുന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മാനിക്കും. ചടങ്ങില്‍ സ്മാരക സമിതി ചെയര്‍മാന്‍ പ്രഫ. കെ.പി ജയരാജന്‍ അധ്യക്ഷനാകും. എം.രാജഗോപാലന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. കൈരളി ടി.വി ബ്യൂറോ ചീഫ് സണ്ണി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തും. അവാര്‍ഡ് ജേതാക്കളെ സ്മാരക സമിതി സെക്രട്ടറി സേതു ബങ്കളം പരിചയപ്പെടുത്തും. വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ കെ.പി ജയരാജന്‍, സെക്രട്ടറി സേതു ബങ്കളം, രാമരം മുഹമ്മദ്, സുകു കോറോത്ത് എന്നിവര്‍ സംബന്ധിച്ചു.

0Shares