
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരല്ലെന്ന കുപ്രചാരണം നടക്കുന്നതിനിടെ രാജ്യത്താദ്യമായി കേരളം അവര്‍ക്കായി സൗജന്യ വിദ്യാഭ്യാസ പദ്ധതി ഒരുക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ചരിത്ര നേട്ടത്തിനരികെയാണ് ഇപ്പോള്‍ സംസ്ഥാനം. സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിക്കായി ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സര്‍വേ പൂര്‍ത്തിയാവുന്നു. മുഴുവന്‍ ജില്ലയിലും നടക്കുന്ന സര്‍വേയിലെ വിവരം 20-നകം ക്രോഡീകരിച്ച് അന്തിമ പട്ടിക തയ്യാറാക്കും. ഇവരുടെ അധ്യാപകര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. ‘ചങ്ങാതി’ എന്നു പേരിട്ട വിദ്യാഭ്യാസ പദ്ധതിയിലൂടെ ഇതരസംസ്ഥാന തൊഴിലാളികളെ പരമാവധി സാക്ഷരരാക്കാനും കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇതിന്റെ പ്രാരംഭ പദ്ധതി പെരുമ്പാവൂര്‍ നഗരസഭയില്‍ ആരംഭിച്ചു. ഇവിടെ 27 വാര്‍ഡുകളിലായി 400-ലധികം പഠിതാക്കളുണ്ട്. ജില്ലകള്‍ തോറും നടക്കുന്ന സര്‍വേ പൂര്‍ത്തിയാക്കി നവംബറില്‍ ക്ലാസ് ആരംഭിക്കും. കേരളത്തില്‍ 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് സര്‍വേയും ക്‌ളാസും. യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികളെ അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു സര്‍വേ. ഇതിന് ജനകീയ സമിതികളും രൂപീകരിച്ചു. വലിയൊരു ശതമാനം ഇതര സംസ്ഥാനക്കാര്‍ക്കും സ്വന്തം ഭാഷ പോലും എഴുതാനും വായിക്കാനും അറിയില്ലെന്ന് സര്‍വേയില്‍ കണ്ടെത്തി.
മലയാളത്തോടൊപ്പം ഹിന്ദിയും പഠിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. നാലുമാസത്തെ കോഴ്‌സിനായി ‘ഹമാരി മലയാളം’ എന്ന പാഠപുസ്തകമാണ് തയ്യാറാക്കുക. ഭാഷയ്ക്കു പുറമെ ആരോഗ്യം, ശുചിത്വം, തൊഴില്‍ നിയമം, പൗരാവകാശങ്ങള്‍ എന്നിവ സംബന്ധിച്ചും പാഠങ്ങളുണ്ടാകും. ഓരോ ജില്ലയിലും ഏറ്റവും കുടുതല്‍ തൊഴിലാളികളുള്ള തദ്ദേശസ്ഥാപനമാണ് പദ്ധതിക്ക് നേതൃത്വം നല്‍കേണ്ടത്.
