സുനി പിണറായിയുടെ പേര് പറഞ്ഞാല്‍ അറസ്റ്റുചെയ്യുമോ? : പി.സി ജോര്‍ജ്

  • Post category:news
  • Reading time:1 min read
You are currently viewing സുനി പിണറായിയുടെ പേര് പറഞ്ഞാല്‍ അറസ്റ്റുചെയ്യുമോ? : പി.സി ജോര്‍ജ്

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധി തന്നെയെന്നും ഇരക്കെതിരേ താന്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ആവര്‍ത്തിച്ച് പി.സി ജോര്‍ജ്ജ് എം.എല്‍.എ. കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചുനില്‍ക്കുന്നുവെന്നും നടിയെ ആക്രമിച്ചവരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ തന്നെ വാങ്ങി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സാഹചര്യത്തില്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസ് ശരിയായ ദിശയിലല്ലന്നും മുഖ്യപ്രതി സുനി പിണറായിയുടെ പേര് പറഞ്ഞാല്‍ പോലിസിന് അറസ്റ്റുചെയ്യാനാകുമോയെന്ന് ജോര്‍ജ് ചോദിച്ചു. പൊലിസ് ഇപ്പോള്‍ നടത്തുന്നത് കള്ള അന്വേഷണമാണ്. കേസ് അന്വേഷണത്തിന് മുഖ്യമന്ത്രി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വഴിയെപോകുന്നവരെ എല്ലാം പ്രതിയാക്കുന്ന പരിപാടിയാണ് പൊലിസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. താന്‍ പറഞ്ഞതെല്ലാം സത്യമാണ്. സര്‍ക്കാരല്ല, പട്ടാളം വന്നാലും താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കും. നടി തനിക്കെതിരേ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ കത്തല്ല, കുന്തം കൊണ്ടുവന്നാലും തനിക്ക് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി ആരെന്ന് അറിയില്ലെന്നും അറിയാവുന്നത് പൊലീസ് പറഞ്ഞ ഇരയെ മാത്രമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. നടി ആരെന്ന് അറിയാതെ നടിയെപ്പറ്റി ആക്ഷേപമുന്നയിക്കുന്നത് എങ്ങനെയാണ്. ഏതെങ്കിലുമൊരു നടി പരാതി നല്‍കിയെന്നു പറഞ്ഞ് അവരെങ്ങനെയാണ് ഇരയാകുന്നതെന്നും അദ്ദേഹം ചോദിച്ചു.  വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ബുദ്ധിയും ബോധവും നിയമപരിജ്ഞാനവും ഉള്ളവരെ നിയോഗിക്കണം. അല്ലാതെ ലോകത്തെല്ലാം മത്സരിച്ച് തോറ്റിട്ട് വെറുതെ ഒരു പദവി എടുത്ത് ആര്‍ക്കും നല്‍കരുതെന്നും താന്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രതിനിധിയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

0Shares