സുധാകരന്റേത് അനുയായികളെ കൊണ്ട് ചുടുചോറു മാന്തിക്കുന്ന വിടുവായത്തത്തിലൂടെ യുവരക്തം തിളപ്പിക്കുന്ന രീതി ശാസ്ത്രം; ഷുഹൈബിന്റെ ഏറ്റവും വലിയ ജീവിത പരാജയം കെ. സുധാകരന്റെ ശിഷ്യനായിപ്പോയി എന്നതാണ്: കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍

  • Post category:news
  • Reading time:1 min read
You are currently viewing സുധാകരന്റേത് അനുയായികളെ കൊണ്ട് ചുടുചോറു മാന്തിക്കുന്ന വിടുവായത്തത്തിലൂടെ യുവരക്തം തിളപ്പിക്കുന്ന രീതി ശാസ്ത്രം; ഷുഹൈബിന്റെ ഏറ്റവും വലിയ ജീവിത പരാജയം കെ. സുധാകരന്റെ ശിഷ്യനായിപ്പോയി എന്നതാണ്: കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍

കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ ഏറ്റവും വലിയ ജീവിത പരാജയം കെ. സുധാകരന്റെ ശിഷ്യനായിപ്പോയി എന്നതാണെന്ന് സുന്നി നേതാവ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ വിഭാഗത്തിന്റെ രിസാല വാരിക. ഷുഹൈബിന്റെ ചോരക്കുത്തരം പറയേണ്ടത് സി.പി.എം മാത്രമല്ലെന്ന കവര്‍‌സ്റ്റോറിയില്‍ ശാഹിദാണ്, സുധാകരന്‍ ഷുഹൈബിനെ കൊലക്കു കൊടുക്കുകയായിരുന്നുവെന്ന് കുറ്റപ്പെടുത്തുന്നത്.

അനുയായികളെ കൊണ്ട് ചുടുചോറു മാന്തിക്കുന്ന വിടുവായത്തത്തിലൂടെ യുവരക്തം തിളപ്പിക്കുന്ന രീതി ശാസ്ത്രമാണ് സുധാകരന്റേത്. കമ്യൂണിസ്റ്റുകാരോട് ഏറ്റുമുട്ടുന്നത് തന്റെ ജീവിത നിയോഗമാണെന്ന് സ്വയം തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണദ്ദേഹം. ആ ചെളി പുരണ്ട വഴിയില്‍ ഷുഹൈബിന് രക്തസാക്ഷിത്വം വഹിക്കേണ്ടി വരുമ്പോള്‍ എല്ലാ പ്രാര്‍ത്ഥനകള്‍ക്കുമപ്പുറം ഒടുങ്ങാത്ത ഹൃദയവേദന നിറഞ്ഞൊഴുകുകയാണ്. ലേഖനത്തിന്റെ അവസാന ഭാഗത്താണ് സുധാകരനെതിരെയുള്ള രൂക്ഷ വിമര്‍ശമുള്ളത്.

ഷുഹൈബുമാരുടെ അകാല വിയോഗങ്ങള്‍ യുവാക്കള്‍ക്ക് ഒരു പാഠം നല്‍കുന്നുണ്ട്. രാഷ്ട്രീയഗുരുവിനെ തെരഞ്ഞെടുക്കുമ്പോള്‍ നൂറുവട്ടം ആലോചിക്കണമെന്നതാണത് എന്നു പറഞ്ഞ് സുധാകരനെതിരെ സി.പിഎം പോലും ഉന്നയിക്കാന്‍ മടിക്കുന്ന പരാമര്‍ശങ്ങളാണ് ലേഖനത്തിലുള്ളത്. പല കേസുകളിലും ഈ ചെറുപ്പക്കാരനെ പ്രതിയാക്കിയതും അക്രമത്തിന്റെ വഴിയിലേക്ക് തള്ളിവിട്ടതും സുധാകരനെ പോലെ രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍ നിറഞ്ഞ നേതാവിന്റെ സാമീപ്യമാണ്.

ലേഖനത്തിലുടനീളം സി.പി.എമ്മിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും സുന്നി പ്രവര്‍ത്തകനെന്ന നിലയില്‍ ഷുഹൈബ് നടത്തിയ കാരുണ്യപ്രവര്‍ത്തനങ്ങളെ എടുത്തുകാട്ടാനാണ് ശ്രമിച്ചിട്ടുള്ളത്. പുറം ചുകപ്പാണെങ്കിലും അകം കാവിയാണെന്ന മുസ്ലിം ലീഗ് പ്രചാരണത്തിന് ഷുഹൈബ് വധത്തോടെ സ്വീകാര്യത കൈവന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഷുഹൈബ് ഉള്‍പ്പെട്ട കേസുകളില്‍ ആറെണ്ണവും മുസ്ലിം ലീഗുമായി ബന്ധപ്പെട്ടുള്ളതാണ്. മാത്രമല്ല, എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഷുഹൈബിനെതിരെ നടത്തിയ മാര്‍ച്ച് വലിയ വാര്‍ത്തയായിരുന്നു. ഇതേ കുറിച്ചൊന്നും കവര്‍ സ്റ്റോറിയില്‍ പ്രതിപാദിക്കുന്നേയില്ല.

ഷുഹൈബ് കൊല്ലപ്പെട്ട് ഒരാഴ്ചയോളം കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. യുവ പണ്ഡിതന്മാര്‍ മതസദസുകളില്‍ വൈകാരികമായി ഈ വിഷയം അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രതികരണമുണ്ടായത്. മുഖ്യമന്ത്രിയുമായി കാന്തപുരം കൂടിക്കാഴ്ചയും നടത്തി. ഇതിനു ശേഷമാണ് ആകാശിനെയും റിജിന്‍ രാജിനെയും അറസ്റ്റു ചെയ്തത്. കാന്തപുരത്തിന്റെ മൗനം സുധാകരന്റെ നിരാഹാരപ്പന്തലില്‍ ചര്‍ച്ചയായിരുന്നു. പ്രാസംഗികരില്‍ പലരും ഇത് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

0Shares