സി.പി.ഐ ലോക്കല്‍ സെക്രട്ടറിക്ക് നേരെ വധശ്രമം; പിന്നില്‍ സി.പി.എമ്മെന്ന് സി.പിഐ

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.ഐ ലോക്കല്‍ സെക്രട്ടറിക്ക് നേരെ വധശ്രമം; പിന്നില്‍ സി.പി.എമ്മെന്ന് സി.പിഐ

കാസര്‍കോട്: കുറ്റിക്കോല്‍ പടുപ്പില്‍ സി.പി.ഐ ലോക്കല്‍ സെക്രട്ടറിക്ക് നേരെ വധശ്രമം. പടുപ്പ് ലോക്കല്‍ സെക്രട്ടറി തേന്മലഹൗസില്‍ പി ടി ചാക്കോ (59)യക്കാണ് പരിക്കേറ്റത്. സി.പി.ഐ ബന്തടുക്ക ലോക്കല്‍ സെക്രട്ടറിയായ ചാക്കോയെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറ്റിക്കോല്‍ പഞ്ചായത്തംഗം എച്ച് നിര്‍മ്മലകുമാരി സി.പി.എം ഭീഷണിക്ക് വഴങ്ങി പാര്‍ട്ടി അംഗത്വം രാജിവെച്ചുവെന്ന വാര്‍ത്ത വ്യാഴാഴ്ച വൈകുന്നേരം പരന്നിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു അക്രമം. നിര്‍മ്മല കുമാരിയുടെ വീട്ടിനടുത്തുള്ള കല്യാണ കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍വെച്ച് സി.പി.ഐ ജില്ലാ കൗണ്‍സിലംഗം പി ഗോപാലന്‍ മാസ്റ്റര്‍, മണ്ഡലം കമ്മറ്റിയംഗം ഗോപാലകൃഷ്ണന്‍, ബന്തടുക്ക ലോക്കല്‍ സെക്രട്ടറി പി.പി ചാക്കോ, ബേബി സി നായര്‍ എന്നിവര്‍ പഞ്ചായത്ത് മെമ്പറും ഭര്‍ത്താവുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഒരുസംഘം അക്രമം നടത്തിയത്. കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗോപിനാഥന്റെയും മുന്‍ ഏരിയാ സെക്രട്ടറി സി ബാലന്റെയും നേതൃത്വത്തിലുള്ള 30 ഓളം സി.പി.എം പ്രവര്‍ത്തകര്‍ എത്തി സി.പി.ഐ നേതാക്കളെ ഭീഷണിപ്പെടുത്തുകയായിരുന്നു. കല്യാണ കൃഷ്ണന്റെ വീട്ടില്‍ നിന്ന് തിരിച്ചുവരുന്നതിനിടേ നേതാക്കളെ തടയുകയും പി പി ചാക്കോയെ കല്ല് കൊണ്ട് തലക്കടിക്കുകയും മറ്റ് നാലു പേര്‍ ചേര്‍ന്ന് അക്രമിക്കുകയും ചെയ്യുകയായിരുന്നു. തലയ്ക്കും ശരീരത്തിലും സാരമായി പരിക്കേറ്റ ചാക്കോയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം നടന്ന കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ സി.പി.ഐ പഞ്ചായത്തംഗം നിര്‍മ്മലകുമാരി മാറി നിന്നിരുന്നു. ഇതേ തുടര്‍ന്ന് സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ ഇവരെ ഭീഷണിപ്പെടുത്തുകയും പാര്‍ട്ടി അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് ശേഷമാണ് നിര്‍മ്മല കുമാരി രാജിവെച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്.

0Shares