
മലപ്പുറം: സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിനില്ലെന്ന് എം.എം മണി. മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് സിപിഐ വിവാദ നടപടികള്‍ കൈക്കൊണ്ടത്. ഇത് മുന്നണി മര്യാദ ഇല്ലാത്തത് കൊണ്ടാണെന്നാണ് എം.എം മണി മലപ്പുറത്ത് പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു മണിയുടെ രൂക്ഷമായ പ്രതികരണം.

മന്ത്രിസഭ ബഹിഷ്കരിച്ചത് ശുദ്ധ മര്യാദക്കേടാണ്. ഇതിനെതിരെ സി.പി.എം പ്രചാരണം നടത്തുമെന്നും എം.എം മണി വ്യക്തമാക്കി. തോമസ് ചാണ്ടി രാജിവെക്കുന്നതിന് മുൻപ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നിരുന്നു. തോമസ് ചാണ്ടി പങ്കെടുക്കുന്നത് കൊണ്ടാണ് വിട്ട് നില്‍ക്കുന്നത് എന്ന കത്ത് മൂന്‍കൂട്ടി നല്‍കിയായിരുന്നു ബഹിഷ്കരണം. ഇതിനെ ‘അസാധാരണ സംഭവം’ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മറുപടിയെന്നോണം പാര്‍ട്ടി പത്രത്തില്‍ പ്രത്യേകം മുഖപ്രസംഗം എഴുതി സി.പി.ഐയും രംഗത്ത് വന്നിരുന്നു. അസാധാരണ സാഹചര്യം ഉണ്ടായത് കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതെന്നായിരുന്നു സി.പി.ഐയുടെ വിശദീകരണം.
