കാസര്‍കോട്: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സമാപനം കുറിച്ച് ബുധനാഴ്ച 5000 റെഡ് വളണ്ടിയര്‍മാരുടെ മാര്‍ച്ചും ബഹുജന റാലിയും നടക്കും. ഉച്ചയ്ക്ക് രണ്ടിന് നായന്മാര്‍മൂലയില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. വളണ്ടിയര്‍ മാര്‍ച്ചിന്റെ മുന്‍നിരയില്‍ ആദ്യം ഗായകസംഘം സഞ്ചരിക്കും. പിന്നില്‍ ശൃംഗാരി മേളം, പതാകയേന്തിയ 22 റെഡ് വളണ്ടിയര്‍മാര്‍, കേരളവേഷം ധരിച്ച പതാകയേന്തിയ 22 വനിതകള്‍, ചുവന്ന മുണ്ടുടുത്ത 22 പതാകയേന്തിയ യുവാക്കള്‍, പ്ലക്കാര്‍ഡേന്തിയ 22 കുട്ടികള്‍, പതാകയേന്തിയ 22 തൊഴിലാളികള്‍, ബാന്‍ഡ് വാദ്യ സംഘം, ബാനറിന് പിന്നില്‍ പതാകയേന്തിയ സമ്മേളന പ്രതിനിധികള്‍, ബാന്‍ഡ് വാദ്യ സംഘം എന്നിവരുണ്ടാകും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം നടക്കുന്ന ഇന്ദിരാനഗറിലെ എം രാമണ്ണറൈ നഗറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കരുണാകരന്‍, എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, കെ കെ ശൈലജ, എളമരം കരീം, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദന്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. കാസര്‍കോട് ഏരിയയിലെ വിവിധ ലോക്കലുകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ചെറുപ്രകടനങ്ങളായി റെഡ്‌വളണ്ടിയര്‍ മാര്‍ച്ചെത്തുന്നതിന് മുമ്പ് എം രാമണ്ണറൈ നഗറിലെ റാലിക്കെത്തും. പാടിയില്‍നിന്നുള്ളവര്‍ പാടി റോഡ്, ചെങ്കളക്കാര്‍ ചെര്‍ക്കള ബസ്‌സ്റ്റാന്‍ഡ്, നെക്രാജെക്കാര്‍ ബദിയടുക്ക റോഡ്, മധൂരുകാര്‍ സന്തോഷ്‌നഗര്‍, വിദ്യാനഗര്‍ ലോക്കലിലുള്ളവര്‍ സന്തോഷ്‌നഗര്‍ പള്ളിക്ക് മുന്നില്‍, കാസര്‍കോട്, മൊഗ്രാല്‍പുത്തൂര്‍ ലോക്കലുകാര്‍ പാണലം എന്നിവിടങ്ങളില്‍നിന്ന് പ്രകടനമായെത്തും. പൊതുസമ്മേളന നഗറില്‍ വൈകിട്ട് നാലിന് വിപ്ലവഗാനം അവതരിപ്പിക്കും. ബുധനാഴ്ച രാത്രി എട്ടിന് പൊതുസമ്മേളന നഗറില്‍ പ്രസീത ചാലക്കുടിയും സംഘവും നാടന്‍പാട്ട് അവതരിപ്പിക്കും.
സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനം; റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും ബുധനാഴ്ച