സി.എം ഉസ്താദിന്റെ മരണം, കൊലപാതകം തന്നെയോ..? തെളിവുകള്‍ ശേഖരിച്ചവരെയും അജ്ഞാതര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു

  • Post category:news
  • Reading time:2 mins read
You are currently viewing സി.എം ഉസ്താദിന്റെ മരണം, കൊലപാതകം തന്നെയോ..? തെളിവുകള്‍ ശേഖരിച്ചവരെയും അജ്ഞാതര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു

കാസര്‍കോട്: സമസ്തയുടെ വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവി ചെമ്പരിക്കയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിച്ച പി.ഡി.പി നേതാക്കളെ അജ്ഞാതര്‍ വാഹനം തടഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചു. സംഭവം സംബന്ധിച്ച് നേതാക്കള്‍ ആദൂര്‍ പോലിസിന് പരാതി നല്‍കി. വെള്ളിയാഴ്ച രാത്രി എട്ടരയോടെ മുളിയാര്‍ കോട്ടൂര്‍ സംസ്ഥാന പാതയില്‍ വച്ചാണ് സംഭവം. പി.ഡി.പി സംസ്ഥാന കൗണ്‍സിലംഗം ആബിദ് മഞ്ഞംപാറ, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സയ്യിദ് ഉമര്‍ ഫാറൂഖ് തങ്ങള്‍ എന്നിവര്‍ സഞ്ചരിച്ച കാറാണ് ഒരുസംഘം തടഞ്ഞു നിര്‍ത്തിയത്. സ്‌കോര്‍പിയോ വാഹനത്തിലാണ് സംഘം ഇവരെ പിന്തുടര്‍ന്നെത്തിയത്. നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ സ്‌കോര്‍പിയോ വാഹനം നിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ പന്തികോട് മനസിലാക്കിയ നേതാക്കള്‍ വാഹനം തിരിച്ചുവിടാന്‍ ഡ്രൈവറോട് നിര്‍ദ്ദേശിച്ചു. ഇതിനിടേ മൂന്നംഗസംഘം കാറിനടുത്ത് എത്തിയിരുന്നു. അതിനിടെ കാര്‍ പിന്നോട്ടെടുത്ത് രക്ഷപെടുകയായിരുന്നു. ഡ്രൈവറുടെ അവസരോജിത ഇടപെടല്‍ കാരണമാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് നേതാക്കള്‍ ചാനല്‍.ആര്‍.ബി ഡോട്ട്കോമിനോട് പറഞ്ഞു. ഖാസി സി.എം അബ്ദുല്ല മൗലവി ചെമ്പരിക്കയുടെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹത അകറ്റുന്നതിന് വേണ്ടി കഴിഞ്ഞ ആറുമാസമായി പി.ഡി.പി സമരം നടത്തി വരികയാണ്. ഇതിനു പിന്നലെയാണ് കഴിഞ്ഞ ദിവസം പി.ഡി.പി നേതാക്കള്‍ക്ക് മരണം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സി.എം അബ്ദുല്ല മൗലവിയുടെ
മരണം ഒരു കൊലപാതകം തന്നെയായിരുന്നു എന്നാണ് പി.ഡി.പി നേതാക്കള്‍ ഉറച്ചു വിശ്വസിക്കുന്നത്.തങ്ങള്‍ക്ക് ലഭിച്ച തെളിവുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും പിന്നീട് ഇതുസംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കാമെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി സി.എം ഉസ്താദിന്റെ കൊലപാതകികളെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ജില്ലയിലെ പി.ഡി.പി നേതൃത്വം. ബന്ധുക്കളുമായും അടുത്ത സൗഹൃദ ബന്ധമുള്ളവരില്‍ നിന്നും കൊലപാതകം സംബന്ധിച്ച് തെളിവുകള്‍ ശേഖരിച്ചുവരികയായിരുന്നു നേതാക്കള്‍. അതിനിടേ വെള്ളിയാഴ്ച വൈകീട്ട് ഖാസിയുടെ കുടുംബവുമായി ബന്ധപ്പെട്ട ഒരുവ്യക്തിയുമായി പി.ഡി.പി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. തെളിവുകള്‍ ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച നടന്നത്. ഇതിനു ശേഷം രാത്രിയിലാണ് വീട്ടിലേക്ക് മടങ്ങുന്ന നേതാക്കളെ അപായപ്പെടുത്താനുള്ള ശ്രമം നടന്നത്. നേരത്തെ ഖാസി ത്വാഖാ അഹമ്മദ് മൗലവിക്കെതിരേയും ഒരു സംഘം ആക്രമിക്കാനുള്ള ശ്രമം നടത്തിയിരുന്നതായി പി.ഡി.പി നേതാക്കള്‍ പറഞ്ഞു. ഈ അക്രമ ശ്രമത്തിന് പിന്നില്‍ ഉസ്താദിന്റെ കൊലയ്ക്കു പിന്നിലുള്ളവരാണെന്നു സംശയിക്കുന്നതായി ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടംന്തല പറഞ്ഞു. നേതാക്കള്‍ക്കെതിരേ നടന്ന ആക്രമണ ശ്രമത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വൈകീട്ട് കാസര്‍കോട് നഗരത്തില്‍ പി.ഡി.പി പ്രതിഷേധ പ്രകടനം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

 

0Shares