കൊച്ചി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ ഇന്ന് വൈകീട്ട്് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജെറ്റ് എയര്‍വേയ്‌സിന്റെ മസ്‌ക്കറ്റില്‍ നിന്നുള്ള വിമാനമാണ് ടെര്‍മിനനില്‍ ആദ്യം എത്തുക. വിമാന ജീവനക്കാരേയും യാത്രക്കാരേയും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും.ടര്‍മിനല്‍ കൂടാതെ ടി-ത്രീ കമ്മിഷനിങ്, സൗരോര്‍ജ ഉത്പാദനശേഷി വര്‍ധിപ്പിക്കല്‍ എന്നീ പദ്ധതികളുടെ ശിലാഫലകങ്ങള്‍ കൂടി മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും. ദേശീയപാതയില്‍ നിന്ന് വിമാനത്താവളത്തിലേയ്ക്കുള്ള നാലുവരിപ്പാതയും മേല്‍പ്പാലവും ഉദ്ഘാടനം ചെയ്തശേഷമാകും മുഖ്യമന്ത്രി ടെര്‍മിനല്‍-ത്രീയിലേയ്ക്ക് എത്തുന്നത്. മൂന്ന് പദ്ധതികളുടേയും ഉദ്ഘാടനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പൊതുസമ്മേളനത്തില്‍ വച്ചാണ് നിര്‍വഹിക്കുക. മന്ത്രി തോമസ് ഐസക് അധ്യക്ഷതവഹിക്കും.

അടുത്ത 20 വര്‍ഷത്തേയ്ക്ക് കൊച്ചി വിമാനത്താവളത്തിലുണ്ടാകുന്ന ട്രാഫിക് വര്‍ധനവ് പരിഗണിച്ചാണ് 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ സിയാല്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ പണികഴിപ്പിച്ചത്. ടെര്‍മിനല്‍ -ത്രീയിലും ഊര്‍ജസ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സൗരോര്‍ജ പദ്ധതിയുടെ സ്ഥാപിതശേഷി ഇരട്ടിയാക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ടാണ് സിയാലില്‍ ഒരുങ്ങുന്നത്.സമ്പൂര്‍ണമായും സൗരോര്‍ജ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യവിമാനത്താവളമെന്നനിലയില്‍ സിയാല്‍ ഇതിനോടകം തന്നെ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ചിട്ടുണ്ട്. നിലവില്‍ 15.5 മെഗാവാട്ടാണ് സൗരോര്‍ജ സ്ഥാപിതശേഷി. പ്രതിദിനം ശരാശരി 62,000 യൂണിറ്റ് വൈദ്യുതി ഇതില്‍ നിന്ന് ലഭിക്കും. നിലവിലെ രണ്ടു ടെര്‍മിനലുകള്‍ക്ക് ആവശ്യമുള്ളതിലധികം വൈദ്യുതി ഈ പ്ലാന്റുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്. എന്നാല്‍ ടി-3 പ്രവര്‍ത്തനം പൂര്‍ണതോതിലാകുന്നതോടെ കൂടുതല്‍ വൈദ്യുതി ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.