പാലക്കാട്: തെന്നിന്ത്യന്‍ സിനിമകളിലെ ആദ്യകാല മേക്കപ്മാന്‍ പി. പത്മനാഭന്‍ (പപ്പന്‍85) വാടക വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആരാലും ശ്രദ്ധിക്കപ്പെടാതെ മൃതദേഹം പുല്‍ക്കാടിനിടയില്‍ കിടന്നതു 18 മണിക്കൂറുകളോളം. പൊലീസ് എത്താന്‍ വൈകിയതും മൃതദേഹം ദീര്‍ഘനേരം ഇവിടെ കിടക്കാന്‍ കാരണമായി. ശനിയാഴ്ച രാത്രി അമ്പലപ്പാറ പുളിയക്കുന്ന് റോഡിനു സമീപത്തെ വാടക വീട്ടിലേക്കുളള വഴിയിലെ കരിങ്കല്‍പടവുകളില്‍ നിന്നു കാലിടറി വീണതാണെന്നാണു പ്രാഥമിക നിഗമനം. വീട്ടുടമയുടെ മകന്‍ ഞായറാഴ്ച രാവിലെ പത്തരയോടെ ഇതുവഴി കുളിക്കാന്‍ പോകുമ്പോഴാണു മൃതദേഹം കണ്ടത്. ബന്ധുക്കളെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്ന നടപടി പൂര്‍ത്തിയായാക്കി പൊലീസ് സ്ഥലത്തെത്തിയതു മൂന്നു മണിയോടെ മാത്രം. വൈകിട്ടു പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ലക്കിടി പോളിഗാര്‍ഡനു സമീപത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. പാമ്പാടി ശ്മശാനത്തില്‍ സംസ്‌കരിക്കും. കടമ്പഴിപ്പുറം ആലങ്ങാട് പള്ളിത്തൊടിയില്‍ പത്മനാഭന്‍ സ്ഥിര താമസം ചെന്നൈയിലായിരുന്നു.
രണ്ടുമാസം മുന്‍പാണു തമിഴ്‌നാട്ടുകാരിയായ ഭാര്യയുമൊത്ത് അമ്പലപ്പാറയില്‍ താമസിക്കാനെത്തിയത്.ഭാര്യ ചെന്നൈയിലേക്കു മടങ്ങിയതോടെ അമ്പലപ്പാറ സ്വദേശിയായ യുവാവിനെ സഹായിയായി കൂടെക്കൂട്ടി. കഴിഞ്ഞ ദിവസം യുവാവിന്റെ അച്ഛന്‍ രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ പത്മനാഭന്‍ തനിച്ചായി. പതിവുപോലെ ശനിയാഴ്ച വൈകിട്ട് ഏഴരവരെ തന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു സമയം ചെലവഴിച്ചാണു വിളിപ്പാടകലെയുള്ള വാടക വീട്ടിലേക്കു മടങ്ങിയതെന്നു വീട്ടുടമ പറഞ്ഞു. ഇവിടെ നിന്നു പോകുന്ന വഴിക്കാണു മരണം സംഭവിച്ചത്. കൈയിലുണ്ടായിരുന്ന ടോര്‍ച്ച് പടവിനു മുകളിലും നിവര്‍ത്താത്ത കുട മൃതദേഹത്തിനു സമീപവും കിടന്നിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറോളം സിനിമകളില്‍ മേക്കപ്മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പില്‍ക്കാലത്തു മുഖ്യമന്ത്രിമാരായിരുന്ന എം.ജി. രാമചന്ദ്രന്‍ (തമിഴ്‌നാട്), എന്‍.ടി. രാമറാവു (ആന്ധ്രാപ്രദേശ്) എന്നിവര്‍ ഉള്‍പ്പെടെ, പ്രമുഖ സിനിമാ താരങ്ങളെ ചമയമണിയിച്ച ചരിത്രമുണ്ടു പത്മനാഭന്. ചെന്നൈയിലുണ്ടായിരുന്ന വീടുകള്‍ ഉള്‍പ്പെടെ സമ്പാദ്യങ്ങളൊക്കെയും പില്‍ക്കാലത്തു കൈവിട്ടുപോയ അദ്ദേഹത്തിന് അവശകലാകാരന്‍മാര്‍ക്കുള്ള സര്‍ക്കാര്‍ പെന്‍ഷനായിരുന്നു ഇതുവരേ ആശ്രയം.
ഭാര്യ: ഗൗരി. മക്കള്‍: ഇന്ദിര, രാധാകൃഷ്ണന്‍ (ഇരുവരും ചെന്നൈ). മരുമകന്‍: കൃഷ്ണകുമാര്‍.