സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം വിവാദമാകുമോ..?

  • Post category:news
  • Reading time:1 min read
You are currently viewing സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം വിവാദമാകുമോ..?

കോഴിക്കോട്: ഇസ്ലാം മത പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹൂദവി നടത്തിയ പ്രസംഗം ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും കുറെ പേര്‍ രംഗത്ത് എത്തിയിരിക്കുകയാണ് എന്നത് മറ്റൊരു കാര്യം. ഗര്‍ഭിണികളായ മുസ്ലിം സ്ത്രീകളെ മുസ്ലിം ഡോക്ടര്‍മാരെത്തന്നെ കാണിക്കണം എന്നാണ് ഉസ്താദ് പറയുന്നത്. മുസ്ലിം ആചാര പ്രകാരം സ്ത്രീയുടെ ശരീരഭാഗം മറ്റുള്ളവര്‍ കാണരുത് എന്നത് സത്യം എന്നിരിക്കെ സ്ത്രീകള്‍ ഗര്‍ഭിണികളാകുമ്പോള്‍ ശുശ്രൂഷക്കും തുടര്‍ന്ന് പ്രസവ ചികിത്സയ്ക്കും ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതില്‍ വേണ്ടവിധം ആലോചന നടത്തണമെന്നും അദ്ദേഹം പ്രസംഗത്തില്‍ ഓര്‍മിപ്പിക്കുന്നു. ഇതിനായി ഉസ്താദ് പറയുന്നത് ഇങ്ങനെയാണ്- ഗര്‍ഭിണികളായ മുസ്ലിം സ്ത്രീകളെ മുസ്ലിം വനിതാ ഡോക്ടര്‍മാരെത്തന്നെ കാണിക്കണമെന്നും, അല്ലാത്ത പക്ഷം അല്ലാഹുവിനെ ഭയമുള്ള മുസ്ലിം പുരുഷ ഡോക്ടര്‍മാരെ കാണിക്കാമെന്നും ഇല്ലെങ്കില്‍ മാത്രമെ അന്യമതസ്ഥരായ ഡോക്ടര്‍മാരെ സമീപിക്കാവൂയെന്നും.

മുസ്ലിം വനിതാ ഡോക്ടര്‍മാര്‍ കുറച്ച് ദൂരെ ആയാലും അവരെ കാണിക്കുന്നതിന് തന്നെ നാം താല്‍പര്യം കാണിക്കണമെന്ന് പ്രേരിപ്പിക്കുന്ന സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം ഇതിനകം തന്നെ വന്‍ പ്രചാരണമാണ് നേടിയിട്ടുള്ളത്. ഈ പ്രസംഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നവര്‍ ഏറെയാണ്. മുസ്ലിം സ്ത്രീകള്‍ മുസ്ലിം വനിതാ ഡോക്ടര്‍മാരെത്തന്നെ കാണിക്കണം എന്നത് തെറ്റാണെന്നാണ് ചിലരുടെ അഭിപ്രായം. ഈ വിഷയത്തെ മതവിശ്വാസവുമായി കൂട്ടിക്കലര്‍ത്തി നടത്തിയ പ്രസംഗം ശരിയല്ലെന്നും ഇങ്ങനെ എങ്കില്‍ ഒരു മുസ്ലിം സ്ത്രീ അപകടത്തില്‍ പെട്ടാല്‍ മുസ്ലിം വനിതാ ഡോക്ടര്‍മാരെത്തന്നെ തേടി പോകേണ്ട അവസ്ഥ സംജാതമാകുമെന്നും ചിലര്‍ വിമര്‍ശിക്കുന്നു. ഒരു കുഞ്ഞു ജനിച്ചാല്‍ ആദ്യം ബാങ്കും ഇഖാമത്തും വിളിക്കുന്നതും മറ്റും മുസ്ലിം ഡോക്ടര്‍മാര്‍ക്ക് അറിയാമെന്നുള്ളതിനാല്‍ മുസ്ലിം ഡോക്ടര്‍മാരെ കാണിക്കണം എന്നതിന്റെ ശരിയായ വശമാണെന്ന് വിശദീകരിക്കുന്നവരുമുണ്ട്. മുസ്ലിം സ്ത്രീകള്‍ മുസ്ലിം വനിതാ ഡോക്ടര്‍മാരെത്തന്നെ പ്രസവ സമയത്ത് തിരഞ്ഞെടുക്കണമെന്ന് മുമ്പും ആഹ്വാനങ്ങള്‍ നടന്നിരുന്നെങ്കിലും അവ ഇത്രയധികം ശ്രദ്ധയാകര്‍ഷിച്ചിരുന്നില്ല.

 

0Shares