കാസര്‍കോട്: പ്രളയ ദുരിതാശ്വാസത്തിനുള്ള സാലറി ചാലഞ്ചില്‍ നോ പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്മാരെ ഉദ്ദേശിച്ചു ജില്ലാ പോലീസ് മേധാവി എ.ശ്രീനിവാസ് ഇറക്കിയ സര്‍ക്യൂലര്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ആരോപിച്ചു. ശബരിമലയില്‍ ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഭരണ നേതൃത്വത്തിന്റെ ഔദാര്യമായി ലഭിക്കുന്നതാണെന്ന് പറയുന്ന ജില്ല പോലീസ് മേധാവി ഭരണ വര്‍ഗത്തെ പ്രീതിപ്പെടുത്തുവാനാണ് ഇത്തരം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗ്രേഡും സ്ഥാനക്കയറ്റവും നല്‍കുന്നത് സര്‍ക്കാരിന്റെ ഔദാര്യമായാണ് പറയുന്നത് ഉചിതമല്ല. അത് അവരുടെ അവകാശമാണ്.
ഭരണപക്ഷത്തെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ള നടപടിയാണിത്. രാഷ്ട്രീയ യജമാനരെ പിണക്കിയാല്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണിയുടെ സ്വരം ഇതിലുണ്ട്. ഭരണ പക്ഷത്തിലെ ഉന്നതരുടെ സമ്മര്‍ദ്ദമൂലമാണ് ഈ ഉത്തരവെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി. സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംഭാവന ചെയ്യിക്കുന്നതിനു പകരം ഉത്തരവുകള്‍ പുറപ്പെടുവിച്ച് നിര്‍ബന്ധപൂര്‍വം പണം പിടിച്ചുപറിക്കുകയാണെന്നും എസ്പി പുറത്തിറക്കിയ നിയമ വിരുദ്ധമായ ഉത്തരവ് പിന്‍വലിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
സാലറി ചാലഞ്ച്: കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ സര്‍ക്യൂലറിനെതിരെ ബി.ജെ.പി