
കോഴിക്കോട്: മലയാളികൾ ‘സാറാമ്മ’ എന്ന് ഓമനപ്പേരിട്ട് വിളിച്ച സറാഹാഹ് ആപ് വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നതായി കണ്ടെത്തി. അജ്ഞാത സന്ദേശങ്ങൾ അയക്കാൻ സേവനം നൽകുന്ന സറാഹാഹ് കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തും, പ്രത്യേകിച്ച് മലയാളികൾക്കിടയിൽ കൂടുതലായും പ്രചാരം നേടിയിരുന്നു. ഫോണിലെ ഇ–മെയിലുകളും ഫോൺ കോൺടാക്റ്റുകൾ എല്ലാം സറാഹാഹ് ആപ്പിന്റെ സെര്‍വറിൽ അപ്ലോഡ് ചെയ്യുന്നതായി കണ്ടെത്തി എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഐ. ടി സെക്യൂരിറ്റി കൺസൾട്ടിംഗ് കമ്പനിയായ ബിഷപ്പ് ഫോക്സിലെ മുതിർന്ന സെക്യൂരിറ്റി അനലിസ്റ്റ് സക്കറിയ ജൂലിയനാണ് സറാഹാഹ് ആപ്പ് നിരീക്ഷിച്ചത്. കോൺടാക്റ്റുകൾ ആക്സസ് ചെയ്യാൻ ഉപയോക്താവിന്റെ അനുമതി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ ആപ്ലിക്കേഷനിൽ കോൺടാക്റ്റുകൾ സൂക്ഷിക്കേണ്ട ആവശ്യമില്ല. കോൺടാക്റ്റ് ലിസ്റ്റ് അപ്‌ലോഡ് ചെയ്യുന്നുണ്ടെന്ന് ആപ്പ് സ്ഥാപകനായ സൈനുൽ അബിദിൻ തൗഫീഖും സ്ഥിരീകരിച്ചു. ‘സത്യസന്ധമായ ആപ്ലിക്കേഷൻ’ എന്നാണ് സറാഹാഹ് അറിയപ്പെട്ടിരുന്നത്.
ജീവനക്കാർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പേടികൂടാതെ സ്ഥാപന ഉടമയെ അറിയിക്കാൻ വേണ്ടിയാണ് ആപ്പ് സൃഷ്ടിച്ചത്. പലരും സദുദ്ദേശ്യപരമായി ഷെയർ ചെയ്ത ലിങ്കുകളിൽ ബ്ലാക്മെയിലിങ്, ഭീഷണി സന്ദേശങ്ങൾ നിറഞ്ഞു. കുട്ടികളും സ്ത്രീകളും ഷെയർ ചെയ്ത ലിങ്കുകളിൽ ദുരുദ്ദേശ്യപരമായ സന്ദേശങ്ങളും എത്തി. ഇതോടെ ആപ്പിന് നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
