
സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി പീഡനത്തിനിരയായ കന്യാസ്ത്രീ നല്കിയ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പോലീസ് സമന്‍സ് അയച്ചു. നവംബര്‍ 11ന് ബിഷപ്പ് നേരിട്ട് ഹാജരാകണമെന്നു കാണിച്ചു കുറവിലങ്ങാട് പോലീസ് ജലന്ധറിലെത്തി സമന്‍സ് നേരിട്ട് കൈമാറുകയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ഇരയാക്കപ്പെട്ട കന്യാസ്ത്രീ ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കല്‍ അപമാനിക്കുന്നു. ഇരയായ തന്നെ തിരിച്ചറിയുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായും കന്യാസ്ത്രീ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്റെ തന്നെ നേതൃത്വത്തില്‍ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യന്‍ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയില്‍ വീണ്ടും ഇരയെ സമൂഹമാധ്യമത്തില്‍ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകള്‍ ഇറക്കുന്നുവെന്നാണ് പരാതി. അതേസമയം ഫ്രാങ്കോ കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലെല്ലാം അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന ആരോപണവും ശക്തമാണ്.
