തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദു റസാഖിന്റെ വിജയത്തെ ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ ഫയല്‍ ചെയ്ത് കേസില്‍ യഥാസമയം സാക്ഷികളെ ഹാജരാക്കാത്തതിനും പ്രവാസികളെ കോടതിയില്‍ കൊണ്ടുവരുന്നതിന് വിമാനച്ചാര്‍ജ് കെട്ടിവെക്കാത്തതിലും സുരേന്ദ്രനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സുരേന്ദ്രന്‍ ഫയല്‍ചെയ്ത കേസില്‍ ഹൈക്കോടതി ആറുപേര്‍ക്ക് വാറന്റ് അയച്ചിരുന്നു. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് റിഷാദ്, മുഹമ്മദ് നിയാസ്, ഉപ്പള സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, അബ്ദുല്‍ അസീസ്, എസ് എം ഖലീല്‍, കുമ്പളയിലെ അഹമ്മദ് റാഫി എന്നിവര്‍ക്കാണ് സമന്‍സ് കൈപ്പറ്റിയിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വാറണ്ട് അയച്ചത്. മരിച്ച ആറുപേരുടെ ലിസ്റ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതില്‍ നാലു പേരും കോടതിയില്‍ നേരിട്ടെത്തി തങ്ങള്‍ സ്വയം വോട്ട് ചെയ്തതാണെന്ന് മൊഴി നല്‍കിയിരുന്നു.
നേരത്തെ പ്രവാസികളായ സാക്ഷികളെ ഹാജരാക്കണമെന്ന് സുരേന്ദ്രനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചൊവ്വാഴ്ച ഇതില്‍ വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ ഇതിനകം 175 പേരെ വിസ്തരിച്ചു. 11 പേരെ സാക്ഷിവിസ്താരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 259 സാക്ഷികളുടെ പട്ടികയാണ് സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അബ്ദുറസാഖിനോട് പരാജയപ്പെട്ടിരുന്നത്. കള്ളവോട്ടിലൂടെയാണ് യു.ഡി.എഫ് വിജയിച്ചതെന്നാണ് സുരേന്ദ്രന്റെ ആരോപണം. കേസിലെ വിചാരണ ഈമാസം 27 ലേക്ക് മാറ്റി വച്ചു.