കോട്ടയം: കുറ്റവാളികള്‍ക്കു പിന്നാലെയുള്ള പരക്കം പാച്ചിലുകള്‍ക്ക് വിരാമം ഇനി ‘സല്‍മയ്ക്ക്’ പ്രേംജിയുടെ വീട്ടില്‍ സുഖവാസം. സര്‍വീസില്‍ നിന്ന്
വിരമിച്ച ജില്ലാ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് സല്‍മയെ ഉപേക്ഷിക്കാതെ ഹാന്‍ഡ്‌ലര്‍ കെ.വി. പ്രേംജി തന്നെ സ്വന്തമാക്കി. കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വിരമിച്ച നായയെ പരിശീലകന്‍ തന്നെ സ്വന്തമാക്കുന്നത്. ആറുമാസം പ്രായമുള്ളപ്പോള്‍ 2008ല്‍ ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായതു മുതല്‍ സല്‍മയുടെ ഹാന്‍ഡ്‌ലറായിരുന്നു പ്രേംജി.

നായയെ തനിക്കു വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പ്രേംജി പ്രത്യേക അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചപ്പോഴേക്കും സല്‍മയെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. മറ്റാരെങ്കിലും ദത്തെടുക്കും മുന്‍പ് തന്റെ പ്രിയപ്പെട്ട നായയെ വീട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ പ്രേംജിക്കു കഴിഞ്ഞ ഡിസംബറില്‍ അനുകൂല ഉത്തരവും ലഭിച്ചു. തുടര്‍ന്നാണ് സല്‍മയെ സ്വന്തം വീട്ടിലെത്തിച്ചത്.

ഡോഗ് സ്‌ക്വാഡ് ആസ്ഥാനത്തു ലഭിച്ചിരുന്നതിനേക്കാള്‍ ഏറെ സൗകര്യങ്ങളാണ് പ്രേംജി സ്വന്തം വീട്ടുമുറ്റത്ത് സല്‍മയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. വീട്ടുമുറ്റത്ത് നിര്‍മിച്ച കൂടിനുള്ളില്‍ സല്‍മയ്ക്ക് ഫാനും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡില്‍ സല്‍മയുടെ റോള്‍ നമ്പരായ 183 എന്നു രേഖപ്പെടുത്തിയ ബോര്‍ഡും വീട്ടിലെ കൂടിനു മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒന്‍പതു വയസ്സിനിടെ ആയിരത്തിലേറെ കേസുകളുടെ ഭാഗമായ സല്‍മ അഞ്ചുതവണ സംസ്ഥാന ഡ്യൂട്ടിമീറ്റില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.