സര്‍ക്കാറിന് തിരിച്ചടി; നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാവും.

  • Post category:news
  • Reading time:2 mins read
You are currently viewing സര്‍ക്കാറിന് തിരിച്ചടി; നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാവും.

തിരുവനന്തപുരം: നാളെ (ചൊവ്വ) ആരംഭിക്കുന്ന നിയമസഭാ സമ്മേളനം കാറ്റുംകോളും നിറഞ്ഞതാകും. സര്‍ക്കാറിനെ നിര്‍ത്തി പൊരിക്കാനും പ്രതിക്കൂട്ടിലാക്കാനും ഉതകുന്ന കോപ്പുകളോടെ ആയിരിക്കും ഇക്കുറി പ്രതിപക്ഷത്തിന്റെ ഉശിരന്‍ പ്രകടനം. വിവാദങ്ങളിലും തലവേദന ഉളവാക്കുന്ന പ്രശ്‌നങ്ങളിലും കുരുങ്ങി വലയുന്ന സര്‍ക്കാറിനെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ മൂര്‍ച്ചയേറിയ ആയുധങ്ങളാണ് ഉള്ളത്. പ്രതിപക്ഷത്തിന്റെ ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇത്തവണ ഭരണപക്ഷം പാടുപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഒന്നിനു പിറകെ മറ്റൊന്നായി വന്നണഞ്ഞ വിവാദങ്ങള്‍ 11 മാസം പിന്നിട്ട പിണറായി സര്‍ക്കാറിന്റെ പ്രതിഛായ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കയാണ്. ഇ.പി ജയരാജന്റെ മന്ത്രി പദത്തില്‍ നിന്നുള്ള രാജി മുതല്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന് അനുകൂലമായ സുപ്രീംകോടതി വിധി വരെ നീളുന്ന വിഷയങ്ങള്‍ മന്ത്രിസഭയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. പിണറായി മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ സര്‍ക്കാറിന്റെ മികച്ച പ്രകടനത്തേയും പ്രതിഛായയേയും കെട്ടുറപ്പിനേയും കുറിച്ച് രാഷ്ട്രീയാതീതമായി പൊതു സമൂഹം വിശ്വാസവും പ്രതീക്ഷയും വെച്ച് പുലര്‍ത്തിയിരുന്നു. എന്നാല്‍ ആ ധാരണയെ തകിടം മറിച്ചുകൊണ്ടാണ് സര്‍ക്കാറിന്റെ നാളിതുവരെയുള്ള പ്രകടനം.

രണ്ട് മന്ത്രിമാരുടെ രാജിയില്‍ കലാശിച്ച സംഭവ വികാസങ്ങള്‍. തിരുവനന്തപുരം ലോ അക്കാദമിയ്‌ക്കെതിരെയുള്ള വിദ്യാര്‍ത്ഥി സമരവും ബഹുജന മുന്നേറ്റവും. തൃശൂര്‍ പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അപമൃത്യുവും അമ്മ മഹിജയുടെ ധര്‍മ്മ സമരവും. ഇടുക്കി ജില്ലയിലെ മൂന്നാറിലെ ഭൂമി കയ്യേറ്റവും ‘കുരിശ് യുദ്ധവും’ മൂന്നാര്‍ പ്രശ്‌നത്തെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള അകല്‍ച്ച. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രോശം. ‘പെമ്പിളൈ ഒരുമ’ യെ പരാമര്‍ശിച്ചുള്ള മന്ത്രി എം.എം മണിയുടെ അശ്ലീല പരാമര്‍ശം. ഇങ്ങനെ സിപിഎമ്മിനെ വെട്ടിലാക്കിയ പ്രശ്‌നപെരുക്കങ്ങള്‍. സര്‍ക്കാറിന്റെ മുഖഛായ്ക്ക് കളങ്കം ചാര്‍ത്തിയ സംഭവ പരമ്പരകള്‍… എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ‘എല്ലാം ശരിയാക്കും’ എന്നായിരുന്നു ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം. ആ വാഗ്ദാനത്തില്‍ പൂര്‍ണ്ണമായ വിശ്വാസം അര്‍പ്പിച്ചതു കൊണ്ടാണ് കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകര്‍ ഇടതുമുന്നണിയെ അധികാരത്തിലെത്തിച്ചത്. കരുത്തനും കാര്യപ്രാപ്തിയുള്ളവനും ദീര്‍ഘവീക്ഷണമുള്ളവനുമായ ഒരു മുഖ്യമന്ത്രിയെയാണ് പിണറായി വിജയനിലൂടെ തങ്ങള്‍ക്ക് ലഭിച്ചതെന്ന് കേരള ജനത കരുതി. പുഴുക്കുത്തുകളും ജീര്‍ണ്ണതയും ബാധിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ പിഴുതെറിഞ്ഞ വോട്ടര്‍മാരുടെ പ്രത്യാശ മാഞ്ഞുപോകുന്ന ദൃശ്യമാണ് ഇപ്പോള്‍ കാണാനാവുന്നത്. മുഖ്യമന്ത്രിയുടെ കൈയ്യില്‍ ആഭ്യന്തര വകുപ്പ് ഇളകിയാടുന്നത് വര്‍ത്തമാന കാല കേരളം കണ്ടുകൊണ്ടേയിരിക്കുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടുദിവസത്തിനകം ടി.പി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയ നടപടി പിണറായി സര്‍ക്കാറിന്റെ വന്‍പാളിച്ചയാണ് സാക്ഷ്യപ്പെടുത്തുന്നത്. സര്‍ക്കാറിന്റെ പിടിപ്പുകേടും കാര്യക്ഷമത ഇല്ലായ്മയും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം നിയമസഭയെ ഇളക്കി മറിക്കുമ്പോള്‍ ഇനിയുള്ള നാളുകളില്‍ മുഖ്യമന്ത്രിയും സഹ പ്രവര്‍ത്തകരും ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടി വരുമെന്ന കാര്യം തീര്‍ച്ചയാണ്. സഭാനാഥനായ പി. ശ്രീരാമകൃഷ്ണനെ കാത്തിരിക്കുന്നത് പരീക്ഷണത്തിന്റെ ദിനങ്ങളാകും.

0Shares