കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥലം മാറ്റത്തിനോ വകുപ്പില്‍ സ്വന്തം താല്‍പര്യത്തിനോ രാഷ്ട്രീയ നേതാക്കളെയോ, ബാഹ്യശക്തികളുമായോ ബന്ധപ്പെട്ടാല്‍ പണിപോകുമെന്ന് സര്‍ക്കാര്‍ ഉത്തരവ്. 1960 ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം 82 പാലിക്കണമെന്നഭ്യര്‍ഥിച്ചാണ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കായി സര്‍ക്കുലര്‍ ഇറക്കിയത്. ചില ജീവനക്കാര്‍ സ്ഥലംമാറ്റത്തിനായ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്. സംഭവം ശ്രദ്ധയില്‍ പെട്ടാല്‍ ചട്ടം 82 അനുസരിച്ച് നടപടികള്‍ ജീവനക്കാരന്റെ പേരില്‍ എടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഓണത്തിരക്കിനിടെ തിരക്കിട്ട് 531 ഗ്രേഡ് വണ്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ സ്ഥലം മാറ്റിയിരുന്നു. പുതിയ നിയമനങ്ങള്‍ ഒന്നും നടത്താതെ, മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് സ്ഥലം മാറ്റം നടത്തിയിരിക്കുന്നത്. മാത്രമല്ല, ഓണക്കാലത്തെ ഈ കൂട്ട സ്ഥലം മാറ്റം ചരിത്രത്തില്‍ ആദ്യമാണ്.
ആരാഗ്യ വകുപ്പിന്റെ പ്രതികാര നടപടിയായാണ് ഇതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഓണം അലവന്‍സ് പോലും ലഭിക്കാത്ത രീതിയില്‍ നടത്തിയ സ്ഥലം മാറ്റത്തിനിടെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ഭരണാനുകൂല ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ ഇടപെട്ടാണ് ധൃതിയില്‍ സ്ഥലം മാറ്റ പട്ടിക തയ്യാറാക്കിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
