കാസര്‍കോട്: അതിര്‍ത്തി ചെക്ക് പോസ്റ്റായ മഞ്ചേശ്വരം ചെക്ക് പോസ്റ്റ് വിപുലീകരണത്തിന് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ ഉടമക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരം ജപ്തി ചെയ്തു. കാസര്‍കോട് സബ് ജഡ്ജിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 22 നാണ് ജപ്തി നടപ്പിലാക്കിയത്. 2014 ലാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റിനായി മഞ്ചേശ്വരത്ത് എട്ട് ഏക്കറോളം സ്ഥലം ഏറ്റെടുത്തത്. ഇതില്‍ കാളികാ പരമേശ്വരി ക്ഷേത്രത്തിന്റെ 1.80 ഏക്കര്‍ സ്ഥലവും ഏറ്റെടുത്തിരുന്നു. ഏറ്റെടുത്ത സ്ഥലത്തിന്റെ അറുപത് ശതമാനം പണം ആദ്യം നല്‍കിയിരുന്നു. ബാക്കി വരുന്ന തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 3,12,85,554 രൂപ നല്‍കാന്‍ ആഗ്സ്റ്റ് മാസം 29 ന് ഉത്തരവിട്ടിരുന്നു. ഇത് നല്‍കാത്തതിനെ തുടര്‍ന്ന് സപ്തംബര്‍ 22 നാണ് ജപ്തി നടപടിയിലേക്ക് നീങ്ങിയത്. ചെക്ക് പോസ്റ്റിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ സ്ഥലം തഹസില്‍ദാര്‍ സെന്റിന് 19,000 രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ നാല് ലക്ഷം രൂപ സെന്റിന് ആവശ്യപ്പെട്ട് ക്ഷേത്രകമ്മറ്റി കോടതിയെ സമീപിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ഹൈക്കോടതി സെന്റിന് രണ്ടര ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവിന് ശേഷവും പണം നല്‍കാത്തതിനെ തുടര്‍ന്ന് ക്ഷേത്രക്കമ്മറ്റി കാസര്‍കോട് സബ് കോടതിയെ സമീപിക്കുകയായിരുന്നു. സ്‌പെഷ്യല്‍ തഹസില്‍ദാര്‍, കലക്ടര്‍, വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയവരെ എതിര്‍ കക്ഷിയാക്കി കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവുണ്ടായത്. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും കോടതിയില്‍ പണം കെട്ടിവെക്കാതെ അപ്പീല്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കോടതി. അടുത്ത മാസം 20 കോടതിയില്‍ അതിഥി മന്ദിരത്തിന്റെ ഡോക്യുമെന്റ് ഹാജരാക്കാനാണ് നിര്‍ദേശം. ലേല നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ക്ഷേത്രകമ്മറ്റിക്ക് വേണ്ടി ഹാജരായ മുരളിബല്ലംകൂറായ വ്യക്തമാക്കി. അതേ സമയം ഗസ്റ്റ് ഹൗസ് നഷ്ടപ്പെടാതെ നടപടി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് ഗവ. പ്ലീഡര്‍ വി മോഹനന്‍ പറഞ്ഞു.