സയനൈഡ് മോഹന് അഞ്ചാമത്തെ കേസിലും വധശിക്ഷ; ഇക്കുറി ശിക്ഷ വിധിച്ചത് കാസര്‍കോട് സ്വദേശിനിയെ കൊലചെയ്ത കേസില്‍

  • Post category:news
  • Reading time:1 min read
You are currently viewing സയനൈഡ് മോഹന് അഞ്ചാമത്തെ കേസിലും വധശിക്ഷ; ഇക്കുറി ശിക്ഷ വിധിച്ചത് കാസര്‍കോട് സ്വദേശിനിയെ കൊലചെയ്ത കേസില്‍

മംഗളൂരു : സയനൈഡ് മോഹൻ എന്നറിയപ്പെടുന്ന മോഹൻ കുമാറിന് അഞ്ചാമത്തെ കേസിലും വധശിക്ഷ. കാസർകോട് പൈവളിഗെ കയ്യാറിലെ സാവിത്രി (25) കൊല്ലപ്പെട്ട കേസിലാണ് ബണ്ട്വാൾ കന്യാനയിലെ മുൻ കായികാധ്യാപകൻ മോഹൻ കുമാറിന് (56) മംഗളൂരു കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷയും 30 വർഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ.

മോഹന്‍റെ വധശിക്ഷ ഹൈക്കോടതി അംഗീകരിക്കുന്ന പക്ഷം മറ്റെല്ലാ ശിക്ഷകളും ഇതിൽ ലയിച്ചതായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. ഇയാള്‍ക്കെതിരെ വിധിക്കുന്ന അഞ്ചാമത്തെ വധശിക്ഷയാണിത്. ഇതുവരെ ആകെ 20 യുവതികളെ കൊലപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്.

ഇവയില്‍ 2 എണ്ണത്തിൽ ഇപ്പോഴും വിചാരണ നടക്കുകയാണ്. തീര്‍പ്പാക്കിയ 13 കേസുകളിൽ ജീവപര്യന്തം തടവു ശിക്ഷ നിലവിലുണ്ട്. 2009ലായിരുന്നു സാവിത്രിയെ കൊലപ്പെടുത്തിയത്. കാസര്‍കോട് കുമ്പള ബസ് സ്റ്റാൻഡിൽ വച്ചു പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി അടുപ്പത്തിലാക്കി.

പിന്നീട് കുശാൽ നഗറിലെ ഒരു ലോഡ്ജിൽ എത്തിച്ചു ശാരീരിക ബന്ധത്തിൽ ഏര്‍പ്പെടുകയും പിറ്റേന്നു രാവിലെ ആഭരണങ്ങൾ അഴിച്ചു വാങ്ങിക്കുകയും ഗർഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞു സയനൈഡ് ഗുളിക നൽകുകയുമായിരുന്നു.മരുന്ന് കഴിച്ചാല്‍ ഛർദിക്കാൻ സാധ്യത ഉള്ളതിനാൽ മാറി നിന്നു കഴിക്കാൻ നിർദേശിച്ചു. ഇതിനെ തുടര്‍ന്ന് ശുചിമുറിയിൽ കയറി ഗുളിക കഴിച്ച യുവതി തൽക്ഷണം വീണു മരിക്കുകയായിരുന്നു.

0Shares