തിരുവനന്തപുരം: സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും വര്‍ഗീയതയിളക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി. സംസ്ഥാനത്തെ യുവജന സംഘടനാ നേതാക്കളുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാട്സ് ആപ് പോലെയുള്ള മാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ വ്യാജപ്രചരണം നടക്കുന്നുണ്ട്. പലരും യഥാര്‍ത്ഥ ഉദ്ദേശ്യം മനസിലാക്കാതെ കെണിയില്‍പെടുന്ന അവസ്ഥയാണ്. വാട്സ് ആപ് ഹര്‍ത്താല്‍ അത്തരത്തില്‍ സംഭവിച്ചതാണ്. ആരാണ് അതിന് തുടക്കം കുറിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. നമ്മള്‍ പ്രതീക്ഷിക്കാത്ത അവസ്ഥയിലേക്ക് സമൂഹത്തെയാകെ തള്ളിവിടുകയായിരുന്നു ഇതിന് മുന്‍കൈ എടുത്തവരുടെ ലക്ഷ്യം. ഇത്തരം നീക്കങ്ങള്‍ക്കെതിരെ യുവജന സംഘടനകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ശാസ്ത്രവിരുദ്ധ കാര്യങ്ങളും ഇത്തരത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമങ്ങളുണ്ട്. നാടിനെ പിറകോട്ട് കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് യുവജന സംഘടനകളുമായി ചര്‍ച്ച നടത്തും. താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാക്കും. സീനിയോറിറ്റി പാലിക്കാതെ നിയമനം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച് പഠനം നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി സ്വീകരിച്ചു വരുന്നു.
നാട്ടില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്. ഇതിനെതിരെ ശക്തമായ പ്രചാരണം നടത്തേണ്ടതുണ്ട്. യുവജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയ രണ്ടു വര്‍ഷങ്ങളാണ് കടന്നു പോകുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 70,000 ഒഴിവുകള്‍ രണ്ടു വര്‍ഷത്തില്‍ നികത്താനായി. 2011/13 കാലഘട്ടത്തില്‍ ഇത് 48,000 ആയിരുന്നു. അതേ കാലഘട്ടത്തില്‍ പുതിയതായി 9000 തസ്തിക സൃഷ്ടിച്ച സ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 13,000 തസ്തികകള്‍ സൃഷ്ടിക്കാനായി. സര്‍ക്കാര്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ റിക്രൂട്ട്മെന്റ് പെട്ടെന്ന് ആരംഭിക്കും. ഇത് യുവജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച തൊഴില്‍സാധ്യത നല്‍കും. ഐ.ടി മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് മുന്‍ഗണന നല്‍കുന്നു. ഹൈ സ്പീഡ് ഇന്റര്‍നെറ്റ് വീടുകളിലും ഓഫീസുകളിലും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പൊതുയിടങ്ങള്‍, ലൈബ്രറികള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. ഐ.ടി പാര്‍ക്കുകള്‍ വികസിപ്പിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള നടപടിമൂലം നിരവധി പുതിയ സംരംഭങ്ങള്‍ വരുന്നുണ്ട്. പുതിയ തൊഴില്‍ സംസ്‌കാരം വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം; വര്‍ഗീയതയിളക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി