
നെല്ലിക്കട്ട കാസർകോട്: പി. ബി. എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ മദ്രസ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ് കലാപരിപാടിയായ “ഇശ്ഖേ മദീന 19” കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രശസ്ത മത പ്രാസംഗികൻ ഖലീൽ ഹുദവി ബദിയടുക്ക കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു.

സമൂഹ പുരോഗതിക്ക് സ്ത്രീ വിദ്യാഭ്യാസം അനിവാര്യമാണ്. സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ ഉയർന്ന സാംസ്കാരിക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ഉത്തമ സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളു. കൂടുതൽ ഉത്തരവാദിത്ത ബോധമുള്ള യുവതലമുറയെ സൃഷ്ടിക്കാൻ സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ എന്നും അദ്ദേഹം ഉദ്ഘാടനവേളയിൽ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം പരിപാടിയിൽ സ്വാഗതം അറിയിച്ചു.
പി. ടി. എ പ്രസിഡന്റ് ബി. കെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഇ. അബൂബക്കർ ഹാജി, പി. ടി. എ വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജയരാജൻ തുടങ്ങിയവർ പരിപാടിയിൽ ആശംസ അറിയിച്ചു. മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ ഇ. അബൂബക്കർ ഹാജി നിർവഹിച്ചു. പി. ബി. എം മദ്രസ സദർമുഅല്ലിം അബ്ദുൽ റസാഖ് അർഷാദി പരിപാടിയിൽ നന്ദി അറിയിച്ചു.
