
കാസര്‍കോട്: പാണത്തൂര്‍ ബാപ്പുങ്കയത്തെ മൂന്നരവയസുകാരി സന ഫാത്വിമയെ കാണാതായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് നടപടി. കാസര്‍കോട് ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവര്‍ 15 ദിവസത്തിനകം വിശദമായ റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. അതേസമയം തെരച്ചിലിനായി സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരെത്തിയിട്ടുണ്ട്. സംഘം ഓവുചാലില്‍ കൂടി കുട്ടി ഒഴുകിപ്പോയി എന്നു പറയുന്ന ബാപ്പുങ്കയം പുഴയില്‍ സ്‌കൂബ് ക്യാമറ ഉപയോഗിച്ചു പരിശോധന തുടങ്ങി. അന്വേഷണത്തിന് വെള്ളരിക്കുണ്ട് സിഐ എം.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ പോലിസ് ചീഫ് അറിയിച്ചു. എം.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ രാജപുരം എസ്.ഐ. എ.പി.ജയകുമാര്‍, ചിറ്റാരിക്കാല്‍ എ.എസ്.ഐ. ടി.വി.പ്രേമന്‍, പ്രേമരാജന്‍, രാജപുരം സ്റ്റേഷനിലെ റിജേഷ്, ഗോപകുമാര്‍, ബിജു പെര്‍ള എന്നിവരടങ്ങുന്ന എട്ടംഗസംഘത്തിനാണ് അന്വേഷണച്ചുമതല.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സനയെ വീട്ടുമുറ്റത്തുനിന്നും കാണാതായത്. അങ്കണവാടിയില്‍ നിന്ന് പിതാവിന്റെ റിക്ഷയില്‍ വീട്ടുമുറ്റത്ത് എത്തിയിരുന്നു. മാതാവ് ഇളയ കുട്ടിയെ ഉറക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാലരയോടെ നോക്കിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. അന്നേ ദിവസംശക്തമായ മഴയുണ്ടായിരുന്നതിനാല്‍ വീട്ടിന് തൊട്ടടുത്തുള്ള ഓവുചാലില്‍ ഒഴുക്കുണ്ടായിരുന്നു. ഓവുചാല്‍ പരിസരത്ത് നിന്ന് കുട്ടിയുടെ ചെരുപ്പും കുടയും കണ്ടെത്തിയിരുന്നു. അഞ്ചുദിവസം പിന്നിട്ടിട്ടും സനയെ കുറിച്ച് യാതൊരു വിവരും ഇതുവരെ ലഭിച്ചിട്ടില്ല. പുഴയില്‍ ഒലിച്ചുപോയതാകാമെന്ന സംശയത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ ഗാര്‍ഡും നാട്ടുകാരുടെ സഹായത്തോടെ പാണത്തൂര്‍ പുഴയിലും കുട്ടി ഒലിച്ചുപോയെന്ന് സംശയിക്കുന്ന ഓവുചാലിലും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാണത്തൂര്‍ ബാപ്പുങ്കയത്ത് നിന്നും അങ്കണവാടി വിദ്യാര്‍ഥി സന ഫാത്തിമയ്ക്കായി കേരളത്തിനകത്തും പുറത്തും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടി ഒഴുക്കില്‍പെട്ടതായാണ് പോലിസ് ഇപ്പോഴും ഉറച്ചു സംശയിക്കുന്നത്. കുട്ടിയെ നാടോടി സംഘം തട്ടിക്കൊണ്ടുപോയെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രരിപ്പിക്കുന്നതിനെ തുടര്‍ന്ന് അന്വേഷണം ഇതര സംസ്ഥാനത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയകളില്‍ അന്വേഷണ ശ്രദ്ധ തെറ്റിക്കുന്ന വിധത്തില്‍ പോസ്റ്റ് ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്്ടര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
