സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട്; കലാമാമാങ്കത്തിന് തിരിതെളിയാന്‍ ഇനി 15 ദിനങ്ങള്‍ മാത്രം

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട്; കലാമാമാങ്കത്തിന് തിരിതെളിയാന്‍ ഇനി 15 ദിനങ്ങള്‍ മാത്രം

കാസര്‍കോട്: രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം തുളുനാട് വീണ്ടും ഒരുങ്ങുകയാണ് കൗമാര കലാമാമാങ്കത്തിന്‍റെ താളമേളങ്ങളെ ഹൃദയത്തിലേറ്റുവാങ്ങാന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് 15 ദിനങ്ങള്‍ മാത്രം ശേഷിക്കെ ഉത്സവത്തിരക്കിലേക്ക് ഇറങ്ങിക്കഴിഞ്ഞു കാഞ്ഞങ്ങാടും നഗരവും.

അരങ്ങിനെ അരക്കിട്ടുറപ്പിക്കുന്നവര്‍ ഇപ്പഴേ തിരക്കിലായിക്കഴിഞ്ഞു. കലോത്സവം കഴിഞ്ഞ് ആളൊഴിഞ്ഞ അവസാനത്തെ കസേരയും തിരിച്ച് കയറ്റും വരെ ഇവര്‍ക്കിനി രാവ് പകലാവുന്ന ജോലിത്തിരക്കാണ്. 30 വേദികളിലായാണ് കേരളത്തിന്‍റെ കലാകൗമാരം അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ മാറ്റുരയ്ക്കുന്നത്.

1991 ല്‍ നടന്ന 31 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും 60 മത് സ്‌കൂള്‍ കലോത്സവത്തിലേക്കെത്തി നില്‍ക്കുമ്പോള്‍ ഒരുക്കങ്ങള്‍ക്കും വിഭവങ്ങള്‍ക്കും അജഗജാന്തരമാണ് മാറ്റമുള്ളത്. 67 ഇനങ്ങളിലായി 2000 ല്‍ അധികം ആളുകളാണ് 1991 ല്‍ മത്സരിക്കാനുണ്ടായിരുന്നതെങ്കില്‍ 60 ാമത് സ്‌കൂള്‍ കലോത്സവത്തില്‍ 250 ലധികം ഇനങ്ങളിലായി 10100 പേരാണ് ഇത്തവണ മത്സരിക്കാനെത്തുന്നത്.

അപ്പീല്‍ കൂടാതെയുള്ള കണക്കാണിത്. അപ്പീല്‍ കൂടി പരിഗണിക്കുമ്പോള്‍ ഇനിയും പങ്കെടുക്കുന്നവരുടെ എണ്ണം കൂടും. 7500 പേരെ ഉള്‍ക്കൊള്ളാനാണ് അന്ന് പ്രധാന വേദിയുടെ ശേഷിയെങ്കില്‍ ഇന്ന് 45000 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. 28 വര്‍ഷങ്ങള്‍ക്കപ്പുറം കാസര്‍കോടന്‍ ജനത ആസ്വദിച്ച ആ കലാമേളയില്‍ നിന്ന് പാടെ വ്യത്യസ്തമായിരിക്കും കാഴ്ചയിലും ഉള്‍ക്കാമ്പിലും ഈ കലോത്സവമെന്ന് ധാരണയുണ്ടാവാന്‍ ഇത്രയും താരതമ്യങ്ങള്‍ മതി. കലോത്സവ ഒരുക്കങ്ങള്‍ക്കായി സബ് കമ്മിറ്റികളൊക്കെയും ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സൗകര്യങ്ങളാണ് കാണികള്‍ക്കും മത്സരാര്‍ഥികള്‍ക്കുമായി സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

0Shares