
തൃശ്ശൂര്‍: തൃശൂരില്‍ നടക്കുന്ന അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും മത്സരങ്ങള്‍ക്ക് വാശിയേറുന്നു. കിരീടം ചൂടാന്‍ പോരാട്ടം ഇഞ്ചോടിഞ്ച്. 439 പോയിന്റ് നേടി കോഴിക്കോട് തന്നെയാണ് മുന്പില്. എങ്കിലും നേരിയ പോയിന്റ് വിത്യാസത്തില്‍ തൃശൂരും പാലക്കാടും തൊട്ടുപിന്നിലുണ്ട്. തൃശൂര്‍ 434 പോയിന്റും പാലക്കാട് 433 പോയിന്റും നേടിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ മത്സരങ്ങള്‍ കൂടുതല്‍ ചൂട് പിടിക്കും. ശക്തന്റെ തട്ടകത്തില്‍ ആരായിരിക്കും സ്വര്‍ണ്ണകപ്പ് ഉയര്‍ത്തുക എന്ന് നിലവില്‍ പറയാന്‍ സാധിക്കാത്ത വിധത്തിലാണ് മത്സരാര്‍ത്ഥികളുടെ പ്രകടനം. അതോടൊപ്പം തന്നെ അപ്പീലുകളും പെരുകുകയാണ്. ഞായറാഴ്ച ലഭിച്ചത് 190 അപ്പീലുകൾ. ഇതോടെ അപ്പീലുകളുടെ എണ്ണം 947 എണ്ണമായി. ഇതിലൂടെ 47,35,000 രൂപയാണ് കമ്മിറ്റിക്ക് ലഭിച്ചത്. അപ്പീലിൽ മത്സരിച്ച് എ എ പ്ലസ് കിട്ടിയ 128 പേർക്ക് വാങ്ങിയ 5000 രൂപ തിരിച്ചുനൽകുകയും ചെയ്തു.
