
കാസര്‍കോട്: ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തുളു മണ്ണില്‍ വിരുന്നെത്തുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന്‍റെ പ്രചരണത്തിനായി പ്രചരണ കമ്മറ്റി പുറത്തിറക്കിയ ഓഡിയോ സി ഡി വൈറലാകുന്നു. ബയലാട്ടത്തിന്‍റെയും പൂരക്കളിയുടെയും തെയ്യത്തിന്‍റെയും അലാമിക്കളിയുടെയും മംഗലം കളിയുടെയും കളിത്തട്ടില്‍ ഭാവ രാഗതാളലയ ചാരുത വിരിയിക്കുന്ന കലാമേളയിലേക്ക് എല്ലാവരെയും ക്ഷണിച്ചു കൊണ്ടാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈരടികള്‍ അവസാനിക്കുന്നത്.

പതിനാറുകാരിയായ സാന്ദ്ര സജീവന്‍റെ ശബ്ദമാണ് ഉച്ചഭാഷിണിയിലൂടെ ശ്രദ്ധേയമാകുന്നത്. സാന്ദ്രയുടെ ശബ്ദത്തില്‍ മേലാങ്കോട്ട് കുട്ടിക്കൂട്ടത്തിന്‍റെ കൊട്ടിപ്പാട്ടിന് വേണ്ടി പബ്ലിസ്റ്റി കമ്മറ്റി പുറത്തിറക്കിയ സി ഡി ഹിറ്റായതോടെ ജില്ലയില്‍ ഉടനീളം പ്രചരണത്തിനു വേണ്ടി പ്രത്യേകം സി ഡി തയ്യാറാക്കി. മൂന്ന് ദിവസം പ്രത്യേക വാഹനത്തില്‍ ജില്ലയിലുടനീളം സാന്ദ്രയുടെ മാന്ത്രിക ശബ്ദം കേള്‍പ്പിക്കാനാണ് പ്രചരണ കമ്മറ്റി തീരുമാനം.
ഒന്‍പത് വര്‍ഷമായി രാജേഷ് തൃക്കരിപ്പൂരിന്‍റെ കീഴില്‍ സംഗീതം അഭ്യസിക്കുന്ന സാന്ദ്രയ്ക്ക് തെരെഞ്ഞെടുപ്പും കളിയാട്ടങ്ങളും എത്തിയാല്‍ തിരക്ക് പിടിച്ച സമയമാണ്. തൃക്കരിപ്പൂര്‍ സൗത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സാന്ദ്ര ഇതിനകം തന്നെ നിരവധി ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളില്‍ ലളിതഗാന ഇനത്തില്‍ സമ്മാനവും കരസ്തമാക്കിയിട്ടുണ്ട്.പ്രചരണ വിഭാഗം ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, കണ്‍വീനര്‍ ജിജി തോമസ്, വൈസ്‌ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്, ഡോ.കൊടക്കാട് നാരായണന്‍, സജീവന്‍ ഈയ്യക്കാട് എന്നിവരാണ് സാങ്കേതിക സഹായം.
