
കാഞ്ഞങ്ങാട്/ കാസർകോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി 23ന് മാധ്യമ സെമിനാർ നടത്താൻ മീഡിയ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. കലോത്സവം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിലാണ് സെമിനാർ. കാഞ്ഞങ്ങാട് ടൗൺ ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന സെമിനാർ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും.

24 ന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിൽ മെഗാഷോ നടത്താനും യോഗം തീരുമാനിച്ചു. കലോത്സവത്തിലെ മറ്റൊരു ഉപസമിതിയായ ദൃശ്യവിസ്മയ കമ്മിറ്റി, കാഞ്ഞങ്ങാട് ആർട്ട് ഫോറം എന്നിവ കൈകോർത്താണ് മെഗാഷോ നടത്തുന്നത്. മുൻ കലോത്സവ താരങ്ങളെ പങ്കെടുപ്പിച്ചുള്ള ഷോ മൂന്നര മണിക്കൂറിലേറെ നീളും.
മീഡിയ പാസിനുള്ള അപേക്ഷ 15 നകം കാസർകോട് പ്രസ് ക്ലബിലോ കാഞ്ഞങ്ങാട് പ്രസ് ഫോറത്തിലോ എത്തിക്കണം. സ്റ്റാളിനുള്ള അപേക്ഷയും ഈ തീയതിക്കുള്ളിൽ ലഭ്യമാകണം. എല്ലാ വേദിയിലും മാധ്യമ പ്രവർത്തകർക്ക് ആവശ്യമായ സൗകര്യമൊരുക്കും. ചെയർമാൻ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ വി.വി രമേശൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, കൺവീനർ എൻ.സദാശിവർ, വൈസ് ചെയർമാൻമാരായ ഇ.വി ജയകൃഷ്ണൻ, ടി.കെ നാരായണൻ എന്നിവർ സംസാരിച്ചു.
