
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ 2018-ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അത്ലറ്റ് മുഹമ്മദ് അനസും ബാഡ്മിന്റണ്‍ താരം പി.സി തുളസിയും ജി.വി രാജ പുരസ്‌കാരത്തിന് അര്‍ഹരായി. കായിക മന്ത്രി ഇ.പി ജയരാജനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിമെഡല്‍ നേടിയ അനസ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലിലെത്തുകയും ചെയ്തിരുന്നു. ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേത്രിയാണ് പി.സി തുളസി.

ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന് അത്‌ലറ്റിക്‌സ് പരിശീലകന്‍ ടി.പി ഔസേഫ് അര്‍ഹനായി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മികച്ച കായിക പരിശീലകനായി കേരളത്തെ സന്തോഷ് ട്രോഫി വിജയത്തിലേക്ക് നയിച്ച ഫുട്‌ബോള്‍ പരിശീലകന്‍ സതീവന്‍ ബാലനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.
കണ്ണൂര്‍ എസ്.എന്‍ കോളേജിലെ ഡോ. കെ. അജയകുമാറിനാണ് മികച്ച കായിക അധ്യാപകനുള്ള (കോളേജ് തലം) പുരസ്‌കാരം. സ്‌കൂള്‍ തലത്തില്‍ മികച്ച കായിക അധ്യാപകനുള്ള പുരസ്‌കാരം പാലക്കാട് മാത്തൂര്‍ സി.എഫ്.ഡി.എച്ച്.എസിലെ കെ. സുരേന്ദ്രനാണ്.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, സെക്രട്ടറി സഞ്ജയന്‍ കുമാര്‍, സ്റ്റാന്റിങ് കമ്മിറ്റിയംഗങ്ങളായ എം.ആര്‍ രഞ്ജിത്, എസ്. രാജീവ്, ഐ.എം വിജയന്‍, മുന്‍ അന്തര്‍ദേശീയതാരം കെ.എം ബീനമോള്‍, ഷാജി ജേക്കബ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ കെ.എല്‍ ജോസഫ്, പി.പി തോമസ്, വി.വി രമേശന്‍, എ.എന്‍ രവീന്ദ്രദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
