കാസര്‍കോട്: മലപ്പുറത്ത് നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാംസ്ഥാനം നേടിയ കാസര്‍കോട്ടെ കുടുംബശ്രീ കലാകാരികളെയും, പരിശീലകരെയും അനുമോദിക്കുന്നു. നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ‘ആദരം-2018 ‘ പരിപാടി റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
കുടുംബശ്രീ അംഗങ്ങളുടെ സര്‍ഗാത്മകമായ കഴിവിനെ നിലനിര്‍ത്തുന്നതിനും അവരുടെ കലാഭിരുചി കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലയില്‍ രൂപീകരിക്കുന്ന കലാസാംസ്‌കാരിക കൂട്ടായ്മയായ ‘കുടുംബശ്രീ തീയറ്റേഴ്‌സിന്റെ’ ഔപചാരികമായ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. പി കരുണാകരന്‍ എം.പി അധ്യക്ഷനാകും.
ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മറ്റു രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും. പുറമെ അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയുടെ സംവിധായകന്‍ ശ്രീ മോഹനന്‍, സിനിമയിലെ മറ്റു അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും. സംസ്ഥാന കലാമേളയില്‍ സമ്മാനര്‍ഹമായ പരിപാടികളുടെ അവതരണം ഈമാസം 31 നു രാവിലെ 10 മുതല്‍ നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ഡി.ഹരിദാസ്, പി.പ്രകാശന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഇ.സൈജു, എം.രേഷ്മ, മീഡിയ കോര്‍ഡിനേറ്റര്‍ എം.വി ഗ്രീഷ്മ സംബന്ധിച്ചു.
സംസ്ഥാന കലോത്സവ വിജയികളെ ആദരിക്കുന്നു; കുടുംബശ്രീ തീയറ്റേഴ്‌സ് ഉദ്ഘാടനം വ്യാഴാഴ്ച