
സംസ്ഥാനത്ത് വന്‍ സ്വര്‍ണവേട്ട. അഞ്ച് കോടിയിലധികം വില വരുന്ന സ്വര്‍ണബിസ്‌കറ്റുകള്‍ പിടികൂടി. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ ഡി.ആര്‍.ഐ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സ്വര്‍ണം പിടികൂടിയത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 11.2 കിലോ ഗ്രാം സ്വർണവും കോഴിക്കോട് ജില്ലയിൽ നിന്ന് 3.2 കിലോ ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഇതോടെ ഇന്ന് മാത്രം നടത്തിയ തിരച്ചിലിൽ 15 കിലോയോളം സ്വർണമാണ് പിടികൂടിയിട്ടുള്ളത്.
തിങ്കളാഴ്ച രാവിലെയോടെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്ത വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരില്‍ നിന്നായി 11.2 കിലോ ഗ്രാം സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന നാല് പേര്‍ വ്യത്യസ്ത വിമാനങ്ങളിലാണ് സ്വര്‍ണവുമായി എത്തിയത്. അതേ സമയം വിമാനത്താവളത്തില്‍ പിടികൂടിയവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, പാലാഴി പരിസരങ്ങളില്‍ നടത്തിയ തിരച്ചിലിൽ 3.2 കിലോ സ്വര്‍ണവും പതിനേഴര ലക്ഷത്തിലധികം രൂപയും പിടികൂടുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നു ഗോ എയര്‍ വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശിയില്‍ നിന്നു 2.900 കിലോഗ്രാം സ്വര്‍ണവും രാവിലെ 9ന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനയാത്രക്കാരായ രണ്ടു പേരില്‍ നിന്നും സ്വര്‍ണം പിടികൂടുകയായിരുന്നു. ദുബായ് യാത്രക്കാരന്‍ മൈക്രോ വേവ് ഓവനില്‍ ഒളിപ്പിച്ചു വച്ച നിലയിലും ഷാര്‍ജ യാത്രക്കാര്‍ ഫിഷ് കട്ടിംഗ് മെഷീനുള്ളിലും ഒളിപ്പിച്ചു വച്ച നിലയിലുമായിരുന്നു സ്വര്‍ണ ബിസ്‌ക്കറ്റുകള്‍.
രഹസ്യവിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ യൂണിറ്റുകൾ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. ഇവരെ ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. അതേ സമയം പിടിയിലായവർ ഇതിലെ കണ്ണികൾ മാത്രമാണെന്നും ഇതിന് പിന്നിൽ വൻ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് സംശയിക്കുന്നതെന്നും ഡി.ആർ.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
