
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോളേജ് അധ്യാപകര്‍ ഉള്‍പ്പെടെ അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് റിട്ടയര്‍ ആകും. വെള്ളിയാഴ്ച 56 വയസ്സ് പൂര്‍ത്തിയാകുന്നവരാണിവര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ സ്പാര്‍ക്കിന്‍റെ വിവരശേഖരണത്തില്‍ ഈവര്‍ഷം മേയ് 31-ന് 56 വയസ്സെത്തുന്ന അയ്യായിരത്തിലേറെപ്പേരുണ്ട്. സ്വാഭാവികമായും ഇവരെല്ലാം വിരമിക്കണം.

വിരമിച്ചുവെന്ന് സോഫ്റ്റ് വേറില്‍ അടയാളപ്പെടുത്തിയാലേ കൃത്യമായ വിവരങ്ങള്‍ അറിയാനാവൂ. അതേസമയം വിരമിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് 1600 കോടിയിലേറെ വേണമെന്നാണ് പ്രാഥമിക കണക്ക്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒരുമാസത്തിനുള്ളില്‍ അനുവദിക്കണമെന്ന് അടുത്തിടെ ധനകാര്യവകുപ്പ് ഉത്തരവിട്ടിരുന്നു. വൈകിയാല്‍ ഇതിന് ചുമതലയുള്ള ഉദ്യോഗസ്ഥരെ കുറ്റക്കാരായിക്കണ്ട് നടപടിയെടുക്കും.
ആനുകൂല്യങ്ങള്‍ വൈകുമ്പോള്‍ പലിശയടക്കം നല്‍കേണ്ടിവരും. ഇത് സര്‍ക്കാരിന് വന്‍ബാധ്യതയാണ് വരുത്തുന്നത്. ഇതൊഴിവാക്കാനാണ് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എത്രയുംവേഗം നല്‍കാന്‍ തീരുമാനിച്ചത്.
