സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സയ്ക്ക് കാത്ത് ലാബ് സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സയ്ക്ക് കാത്ത് ലാബ് സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

എറണാകുളം: കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ഹൃദയ ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ കാത്ത് ലാബ് ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് മന്ത്രി കെ.കെ ശൈലജ. ഇതോടെ അധികം യാത്ര ചെയ്യാതെ സമയനഷ്ടമില്ലാതെ ചികിത്സ ഉറപ്പാക്കാൻ സാധിക്കും. ആർദ്രം പദ്ധതിയുടെ ഭാഗമായി 100 കോടി രൂപയിലധികം ചെലവഴിച്ചാണ് കാത്ത് ലാബുകൾ പ്രവർത്തനസജ്ജമാക്കുന്നതെന്നും മന്ത്രി വാർത്താ കുറിപ്പിൽ പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിൽ മാത്രമാണ് കാത്ത് ലാബ് ഉണ്ടായിരുന്നത്. പല മെഡിക്കൽ കേളേജുകളിലും കാത്ത് ലാബ് ഉണ്ടെങ്കിലും രോഗികളുടെ ബാഹുല്യം കാരണം പലരും കാത്തിരിപ്പ് പട്ടികയിലായിരുന്നു. തുടർന്നാണ് തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ രണ്ടാമതായും തൃശൂർ, മഞ്ചേരി, പാരിപ്പള്ളി, എറണാകുളം മെഡിക്കൽ കോളേജുകളിലും കാത്ത് ലാബ് അനുവദിച്ചത്.സർക്കാർമേഖലയിൽ ആദ്യമായി കുട്ടികൾക്കായുള്ള കാത്ത് ലാബ് തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിൽ ഒരുങ്ങുകയാണ്. ഹൃദയസംബന്ധ രോഗങ്ങൾ ഓപ്പറേഷൻ കൂടാതെ ചികിത്സിക്കാനാകും. ഹൃദയത്തിലെ സുഷിരങ്ങൾ അടയ്ക്കുക, ചുരുങ്ങിയ വാൽവുകൾ പൂർവസ്ഥിതിയിലാക്കുക, നവജാത ശിശുക്കളുടെ ജീവൻ രക്ഷിക്കാനുതകുന്ന ബലൂൺ ഏട്രിയൽ സെപ്റ്റോസ്റ്റമി എന്നിവ ഇനി ചെയ്യാനാകും. ഇതിനായി പുതുതായി 13 തസ്തികയും സൃഷ്ടിച്ചു. ഇവ ഒന്നു രണ്ടു മാസത്തിനകം പ്രവർത്തനസജ്ജമാക്കും. ഹൃദ്രോഗികളുടെ വർധന പരിഗണിച്ച് ചരിത്രത്തിലാദ്യമായി ജില്ലാ ജനറൽ ആശുപത്രികളിൽ കാത്ത് ലാബ്, സിസിയുവും സ്ഥാപിക്കുന്നുണ്ട്. ജില്ലാ ആശുപത്രി കൊല്ലം, ജനറൽ ആശുപത്രി ആലപ്പുഴ, ജനറൽ ആശുപത്രി പത്തനംതിട്ട, ജനറൽ ആശുപത്രി തൃശൂർ, ജനറൽ ആശുപത്രി കാഞ്ഞിരപ്പള്ളി, ജില്ലാ ആശുപത്രി കണ്ണൂർ, ജില്ലാ ആശുപത്രി വയനാട്, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും കാത്ത് ലാബ് അനുവദിച്ചിട്ടുണ്ട്. ഇവിടെയെല്ലാം കാത്ത് ലാബ് സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഒപ്പം ടെക്നീഷ്യന്മാരുടെ തസ്തികകളും സൃഷ്ടിച്ചു.

0Shares