കോഴിക്കോട്: കാലപ്പഴക്കവും കാലാവസ്ഥാ വ്യതിയാനവും റെയില്‍പ്പാളങ്ങളെ ബാധിക്കുന്നതായി റിപോര്‍ട്ട്. പുലര്‍ച്ചെയുള്ള അതിയായ തണുപ്പും, പിന്നീടുള്ള വെയിലും പാളങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുന്നതിന് കാരണമാക്കുന്നു. കാസര്‍കോട് ഉദുമ ഗേറ്റിനരികെ ബുധനാഴ്ച പുലര്‍ച്ചെ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. കാലാവസ്ഥയിലെ മാറ്റം കാരണം റെയില്‍പാളങ്ങളില്‍ വിള്ളലിനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വാദം. പാളത്തിനുണ്ടാകുന്ന ഈ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഡിസ്ട്രെസിംഗ് പണികള്‍ നടക്കുന്നുണ്ട്. ലോഹം കൊണ്ടുള്ളതാണ് കേരളത്തിലെ റെയില്‍പാളങ്ങള്‍. ഇവ പല സമയങ്ങളിലാണ് സ്ഥാപിക്കുന്നത്. അതുകാരണം ഒരേ താപനില പാളത്തിന് കിട്ടുന്നില്ല. താപനിലയിലെ വ്യത്യാസം റെയില്‍ പാളങ്ങളില്‍ വിള്ളലുകളുണ്ടാക്കാനും, അവ പൊട്ടാനും കാരണമാകുന്നു. അതിനെ ചെറുക്കുന്നതിനായിട്ടാണ് അധികൃതര്‍ ഡിസ്ട്രേസിംഗ് പണികള്‍ നടത്തുന്നതിന് ഉത്തരവിട്ടത്.
റെയിലിന്റെ ക്ലിപ്പുകള്‍ ഊരി സ്ലീപ്പറില്‍നിന്ന് പാളത്തെ വേര്‍പെടുത്തും. 45 ഡിഗ്രി സെല്‍ഷ്യസില്‍ ഇതിനെ റോളറിന് മുകളില്‍ ഒരിഞ്ച് ഉയര്‍ത്തിവെക്കും. സ്വാഭാവിക സങ്കോചത്തിനും വികാസത്തിനും വേണ്ടിയാണിത്. മഴയോ മറ്റോ വന്നാല്‍ കൃത്രിമമായി താപനില വരുത്താന്‍ ‘ടെന്‍ഷര്‍’ യന്ത്രം ഉപയോഗിക്കും. പാലക്കാട് ഡിവിഷനില്‍ മാത്രം 230 കിലോമീറ്ററാണ് ഈ സാമ്പത്തിക വര്‍ഷം പണിനടക്കുന്നത്. 2017 നവംബര്‍ വരെ 68 കിലോമീറ്റര്‍ മാത്രമാണ് പണി നടത്തിയത്. ഇനിയും 150 കിലോമീറ്ററോളം ബാക്കി. കഴിഞ്ഞ രണ്ടുവര്‍ഷം ഇതിലും കുറവായിരുന്നു പണി. 2015’16 ല്‍ 50 കിലോമീറ്റര്‍ പ്രവൃത്തിയും 2016,17ല്‍ 48 കിലോമീറ്ററും. ഒരു മണിക്കൂറില്‍ ഒരു കിലോമീറ്റര്‍ പ്രവൃത്തി നടത്താമെന്നാണ് എന്‍ജിനീയറിങ് വിഭാഗം പറയുന്നത്. ജനുവരി 31 വരെ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പെടുത്തി വരികയാണ് റെയില്‍വേ.
സംസ്ഥാനത്തെ റെയില്‍ പാളങ്ങള്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് തകര്‍ച്ചയില്‍; കാലാവസ്ഥാ വ്യതിയാനം കാരണം പലേടത്തും വിള്ളലുകള്‍ സംഭവിക്കുന്നുവെന്ന് അധികൃതര്‍