തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും പടരുന്നു. ഇടയ്ക്കിടെയുള്ള കാലാവസ്ഥാ വ്യതിയാനമാണ് ജനങ്ങളെ രോഗബാധിതരാക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 66 ഡെങ്കിബാധിതരില്‍ 54ഉം തിരുവനന്തപുരം ജില്ലയിലാണ്. തൊട്ടുമുമ്പത്തെ ദിവസവും 52 ഡെങ്കിപ്പനി കേസുകള്‍ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം മാത്രം സംസ്ഥാനത്ത് അഞ്ഞൂറിലധികം പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 1200 പേര്‍ക്ക് ഡെങ്കിപ്പനിയും 12 പേര്‍ക്ക് ചിക്കുന്‍ഗുനിയയും ബാധിച്ചു.

280 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. കൊല്ലം ജില്ലയാണ് ഡെങ്കിപ്പനിയില്‍ തിരുവനന്തപുരത്തിന് തൊട്ടുപിന്നില്‍. കഴിഞ്ഞമൂന്നുമാസത്തിനിടെ ജില്ലയില്‍ രോഗം ബാധിച്ചത് 109 പേര്‍ക്കാണ്. ഈ സാഹചര്യം ഗൗരവത്തോടെ നേരിട്ടില്ലെങ്കില്‍ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുമെന്നാണ് കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയത്. ഡെങ്കിപ്പനി, എച്ച് 1 എന്‍ 1 തുടങ്ങിയവക്കെതിരേ ആരോഗ്യവകുപ്പ് എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ആവശ്യമായ മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു.