
കാഞ്ഞങ്ങാട്: സംശയകരമായ രീതിയിലുള്ള ഇടപെടൽ വിജിലൻസ് നിരീക്ഷിച്ചതോടെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ രണ്ട് വിധികർത്താക്കൾ തെറിച്ചു. ഇന്ന് നടക്കേണ്ട മത്സരങ്ങളുടെ വിധികർത്താക്കളായി വന്ന രണ്ടുപേരെയാണ് മാറ്റിയത്. വിധികർത്താക്കളുമായി ബന്ധപ്പെടാൻ ഏജന്റുമാർ സ്ഥലത്തുണ്ടെന്ന് രക്ഷിതാക്കളിൽ ചിലർ ആക്ഷേപമുന്നയിച്ചതോടെ വിജിലൻസ് സംഘം ഇവർ താമസിച്ച ഹോട്ടലുകളിൽ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഈ വിധികര്‍ത്താക്കളെ സമീപിക്കാൻ ചിലർ അമിതതാൽപ്പര്യം കാണിക്കുന്നത് തിരിച്ചറിഞ്ഞു. അതേസമയം
ഇവര്‍ പാരിതോഷികങ്ങളോ പണമോ ഈടാക്കിയതായി തെളിവില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. മുന്‍പ് നടന്ന കലോത്സവ വേദികളിൽ ഇവരുടെ മുൻ പ്രവർത്തനരേഖകൾകൂടി പരിശോധിച്ചശേഷം കരിമ്പട്ടികയിൽ പെടുത്താൻ നിർദേശം നൽകുമെന്ന് വിജിലൻസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് പരിശോധനകളും ചോദ്യംചെയ്യലുകളും ആവശ്യമായതിനാൽ പേരുവിവരം പുറത്തുവിട്ടിട്ടില്ല. കാസര്‍കോട് ജില്ലാ കലോത്സവം മുതൽ ഏജന്റുമാരെ വിജിലൻസ് നിരീക്ഷിച്ചുവരികയായിരുന്നു. സംസ്ഥാന കലോത്സവത്തിൽ ഇതുഫലം കണ്ടതായാണ് വിലയിരുത്തൽ.
