
സംവിധായകന് ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജു വാര്യരുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും. നടിയുടെ പരാതിയിൽ പ്രാഥമിക പരിശോധനക്ക് നിർദ്ദേശം നൽകിയതായും കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ശ്രീകുമാര്‍ മേനോന് തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യർ ഡി.ജി.പിക്ക് നേരിട്ടെത്തി പരാതി നൽകിയത്. സംവിധായകനിൽ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്റെ പരാതി.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയന് എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിച്ചു.
14 വർഷം വെള്ളിത്തിരയിൽ നിന്ന് മാറി നിന്ന മഞ്ജു വാര്യർ വീണ്ടും തിരിച്ചെത്തിയത് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത പരസ്യചിത്രങ്ങളിലൂടെയായിരുന്നു.എന്നാൽ സംവിധായകനും നായികയും തമ്മിലുള്ള സുഹൃദ്ബന്ധത്തിൽ വിള്ളലുണ്ടായെന്ന് പുറംലോകം അറിഞ്ഞത് ഒടിയൻ സിനിമയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾക്ക് ശേഷമാണ്.
