കോട്ടയം: ‘സേവാഭാരതി ‘യുടെ ഭക്ഷ്യമേളയില്‍ ബീഫ് വിഭവങ്ങള്‍ വിളമ്പിയത് വിവാദമാകുന്നു. ബി.ജെ.പി യുടെയും ആര്‍.എസ്.എസിന്റെയും ചാരിറ്റബിള്‍ സംഘടനായ സേവാഭാരതിയും അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി കോട്ടയം പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഭക്ഷ്യമേളയാണ് സോഷ്യല്‍ മീഡികളില്‍ ചര്‍ച്ചയായിരിക്കുന്നത്. ‘ചക്ക മഹോത്സവം’ എന്ന പേരിലായിരുന്നു പരിപാടി. എന്നാല്‍ ഭക്ഷ്യമേളയില്‍ ചക്ക വിഭവങ്ങള്‍ക്ക് പുറമേ ബീഫ് വിഭവങ്ങളും വിളമ്പിയിരുന്നു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് കോട്ടയത്തെ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബീഫ് വിഭവം വിളമ്പിയ ഭക്ഷ്യമേളയില്‍ പങ്കെടുത്തത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പരിഹസിക്കുന്ന ഒട്ടേറെ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ബീഫ് നിരോധിക്കണമെന്നാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ ആവശ്യപ്പെടുന്നത്. ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ നിരവധി പേര്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. കേരളത്തിലെ ചില നേതാക്കളും ബീഫിനെതിരെ രംഗത്തെത്തിയതും ചര്‍ച്ചയായിരുന്നു. ആര്‍.എസ്.എസിന്റെ ഈ നിലപാടുകള്‍ക്കെതിരെ ഇടതുപക്ഷ സംഘടനകള്‍ ബീഫ് ഫെസ്റ്റിവലുകളും സംഘടിപ്പിച്ചിരുന്നു.