
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: അധ്യാപക സംഘടനയുണ്ടാക്കിയെന്ന കാരണത്താൽ ഹൈസ്കൂൾ അധ്യാപകനെ പുറത്താക്കിയ സംഭവത്തിൽ കാസർകോട്ടെ കിഴക്കൻ മലയോരത്ത് വൻ പ്രതിഷേധമുയരുന്നു. ബന്തടുക്ക, പടുപ്പ് സാൻജിയോ സെൻട്രൽ സ്കൂൾ അധ്യാപകൻ സിജിൻ ജോസഫിനെയാണ് കഴിഞ്ഞദിവസം സ്കൂൾ മാനേജ്മെന്റ് പുറത്താക്കിയത്. സംഭവത്തെ തുടർന്ന് കെരള വിദ്യാഭ്യാസ മന്ത്രി, ജില്ലാ വിദ്യഭ്യാസ ഓഫീസർ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയതായി അധ്യാപകൻ ചാനൽ ആർ.ബിയോട് പറഞ്ഞു. തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിലുള്ള വിരോധവും നടപടിക്ക് കാരണമായതായി പറയുന്നു. 2011 ലാണ് സിജിൻ ജോസഫ് സാൻജിയോ സ്കൂളിൽ അധ്യാപകനായി ജോലിയിൽ ചേർന്നത്. മറ്റൊരു ജോലിക്കുവേണ്ടി തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ അത് നൽകാതിരിക്കുകയും ജോലി രാജി വച്ച് പോകാൻ നിർദ്ദേശിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. 
അധ്യാപകരുടെ ശമ്പളപരിഷ്കരണം നടത്താത്തതിനാലും, സർക്കാർ നിർദ്ദേശിച്ച മിനിമം വേതനം അംഗീകരിക്കാത്തതിനാലും, അധ്യാപകരെ നിരന്തരം അപമാനിക്കുന്നതിലും പ്രതിഷേധിച്ച് സ്കൂളിൽ കേരളാ അൺഎയ്ഡഡ് സ്കൂൾ ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് യൂണിയൻ (സി.ഐ.ടി.യു) രൂപീകരിച്ച് പ്രവർത്തനം നടത്തിയതിലുള്ള വൈരാഗ്യമാണ് സ്കൂൾ അധികൃതരുടെ നടപടിയെന്നാണ് ആക്ഷേപം. അഞ്ചുമാസം മുമ്പ് സ്കൂൾ അധികൃതർ അധ്യാപകനായ സിജിന് ഒരു കുറ്റപത്രം കൊടുത്തു. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇങ്ങനെയാണ്: ‘സിജിൻ സ്വന്തം പേരിലുള്ള കോടതികേസ് മറച്ചു വെച്ചു. ആഗസ്റ്റ് വരെ സ്കൂൾ ലീഡർ ആയിരുന്ന കുട്ടി സ്കൂൾ മാറി പോകാൻ കാരണക്കാരനായി. സ്കൂളിലെ ഒമ്പതാം ക്ലാസിലെ കുട്ടികളെ സമരം നടത്താൻ പ്രേരിപ്പിക്കുകയും അധ്യാപക സംഘടനയുണ്ടാക്കി ജീവനക്കാരെ സംഘടിപ്പിക്കുകയും ചെയ്തു.’ തുടങ്ങിയ കാരണങ്ങൾ ആരോപിച്ചാണ് മാനേജ്‌മന്റ് സസ്‌പെന്റ് നടപടികൾ സ്വീകരിച്ചതെന്ന് അധ്യാപകൻ പറഞ്ഞു. എന്നാൽ ഇന്റർവ്യൂ സമയത്തുതന്നെ കേസിന്റെ കാര്യങ്ങൾ മുൻ പ്രിൻസിപ്പളിനെ അറിയിച്ചിരുന്നതായും, ഒമ്പതാം ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളോട് സമരം നടത്താൻ ആഹ്വാനം ചെയ്തിട്ടില്ലെന്നും സിജിൻ ജോസഫ് തൻ്റെ നയം രേഖാമൂലം വ്യക്തമാക്കിയെങ്കിലും സ്കൂൾ അധികൃതർ കനിഞ്ഞില്ല. ഒമ്പതാം ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളോട് സത്യം അന്വേഷിക്കാൻ തയ്യാറായില്ലെന്നും സിജിൻ പരാതിപ്പെട്ടു.
“അധ്യാപക സംഘടന എങ്ങനെയുണ്ടായെന്നും സ്ക്കൂളിലെ മുഴുവൻ അധ്യാപകരുടെയും പിന്തുണ സംഘടയ്ക്കുണ്ടെന്നും സ്കൂൾ അധികൃതരുടെ ചുഷണത്തിൻ്റെ ഫലമാണ് സംഘടനയുടെ രൂപീകരണത്തിന് കാരണമായതെന്നും.” സിജിൻ പറയുന്നു. അധ്യാപകരുടെ അവകാശങ്ങൾക്കായുള്ള സംഘടനയുടെ ഭാരവാഹിയായതിനുശേഷം പള്ളി വൈദികൻ അധ്യക്ഷനായ പി.ടി.എ യോഗങ്ങളിൽ പ്രിൻസിപ്പൽ പരിഹസിക്കുകയും സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നതായും സിജിൻ ജോസഫ് ചാനൽ ആർ.ബി യോട് പറഞ്ഞു.