ഷാര്‍ജ: വാഹനാപകടത്തില്‍ മരിച്ച കാസര്‍കോട് മുന്‍ നഗരസഭാംഗം സുനിതാ പ്രശാന്തിന്റെ മൃതദേഹം ശനിയാഴ്ച അര്‍ധരാത്രി കാസര്‍കോട്ടെക്ക് കൊണ്ടുപോകും. ഭര്‍ത്താവ് പ്രശാന്ത് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. മൃതദേഹം വൈകിട്ട് മൂന്നരയ്ക്ക് മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററില്‍ എംബാം ചെയ്തു. ഞായാറാഴ്ച പുലര്‍ച്ചേ വിമാന മാര്‍ഗം മംഗളൂരുവിലെത്തിക്കും. തുടര്‍ന്ന് ഏഴുമണിയോടെ നെല്ലിക്കുന്നിലെ വീട്ടിലെക്കു കൊണ്ടുപോകും തുടര്‍ന്ന് സംസ്‌കാരം നടക്കും. കഴിഞ്ഞ ബുധനാഴ്ച രാത്രി ദൈദ് റോഡിലായിരുന്നു അപകടം. സുനിത താമസിക്കുന്ന സ്ഥലത്ത് കീടനാശനി പ്രയോഗം നടത്തിയിരുന്നതിനാല്‍ രാത്രി സ്ഥാപനം അടച്ച ശേഷം സൂസനും സുനിതയടക്കമുള്ള നാല് ജീവനക്കാരും ദൈദിലേയ്ക്ക് പോകുകയായിരുന്നു.
സൂസനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ദൈദ് റോഡിലൂടെ വേഗത്തില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ വാതില്‍ തനിയെ തുറന്ന് സുനിത പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ചതിനെ തുടര്‍ന്ന് സുനിത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതുകണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് കാര്‍ റോഡ് ഡിവൈഡറിലിടിച്ചപ്പോഴാണ് സൂസനും നേപ്പാളി യുവതിക്കും പരുക്കേറ്റത്. ഇവര്‍ സുഖം പ്രാപിച്ചുവരുന്നു. കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പി കൗണ്‍സിലറായിരുന്ന സുനിത നേരത്തെ ഉദുമ മണ്ഡലം ബിജെപി സ്ഥാനാര്‍ഥിയായും മത്സരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷാര്‍ജയില്‍ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് പ്രശാന്ത് സന്ദര്‍ശക വീസയില്‍ അടുത്തിടെയാണ് യു.എ.ഇയിലെത്തിയത്. മക്കള്‍: സംഗീത് പ്രശാന്ത്(17), സഞ്ജന പ്രശാന്ത് (14).
ഷാര്‍ജയില്‍ മരിച്ച സുനിതാ പ്രശാന്തിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും