
ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി. സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കള്‍ ഇന്ന് ഉപവാസ സമരം നടത്തും. മന്ത്രിക്കെതിരെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് പരാതി നല്‍കിയിട്ടുണ്ട്.

രാവിലെ 11 ന് ഉപവരണാധികാരിയായ പട്ടണക്കാട് ബി.ഡി.ഒയുടെ ഓഫീസിന്‍റെ മുന്നിലാണ് പ്രതിഷേധം ആരംഭിച്ചത്. നേരത്തെ ജി. സുധാകരന്‍റെ ‘പൂതന’ പ്രയോഗത്തിന് എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി. എം സുധീരന്‍ രംഗത്തെത്തിയിരുന്നു. സ്ത്രീ ശാക്തീകരണത്തിന്‍റെ പേര് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ ചെലവില്‍ വനിതാ മതില്‍ സംഘടിപ്പിച്ച മന്ത്രിസഭയിലെ അംഗമായ ജി. സുധാകരന്‍റെ അരൂരിലെ വനിതാ സ്ഥാനാര്‍ത്ഥിക്ക് എതിരെയുള്ള ‘പൂതന’ പ്രയോഗം സി. പി. എമ്മിന്‍റെ അധമ രാഷ്ട്രീയത്തിന്‍റെ വികൃതമായ പ്രതിഫലനമാണെന്ന് സുധീരന്‍ തുറന്നടിച്ചിരുന്നു.
കഴിഞ്ഞ ദിവസം തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നാണ് ജി. സുധാകരന്‍ പറഞ്ഞിരുന്നത്. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി. സുധാകരന്‍ ആരോപിച്ചു.
