ഷഹലയുടെ മരണത്തിൽ വ്യാപക പ്രതിഷേധം; കെ.എസ്‌.യുവും എസ്‌.എഫ്‌.ഐയും നടത്തിയ മാര്‍ച്ചില്‍ സംഘർഷം; സ്കൂൾ അധികൃതർക്കെതിരെ കൂടുതല്‍ നടപടി

  • Post category:news
  • Reading time:1 min read
You are currently viewing ഷഹലയുടെ മരണത്തിൽ വ്യാപക പ്രതിഷേധം; കെ.എസ്‌.യുവും എസ്‌.എഫ്‌.ഐയും നടത്തിയ മാര്‍ച്ചില്‍ സംഘർഷം; സ്കൂൾ അധികൃതർക്കെതിരെ കൂടുതല്‍ നടപടി

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ജില്ലയില്‍ പ്രതിഷേധം ശക്തം. വിഷയത്തില്‍ പ്രതിഷേധിച്ച്‌ കെ.എസ്‌.യുവും എസ്‌.എഫ്‌.ഐയും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. പെണ്‍കുട്ടികള്‍ അടക്കമുള്ള എസ്‌.എഫ്‌.ഐ പ്രവര്‍ത്തകർ കളക്ടറേറ്റിലേക്കാണ് പ്രതിഷേധ പ്രകടനവുമായി എത്തിയത്. മരിച്ച ഷഹലയുടെ സഹപാഠികള്‍ പ്രതിഷേധവുമായി ഇന്ന് രാവിലെ റോഡിലിറങ്ങിയിരുന്നു. സ്‌കൂളിൻ്റെ ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കുട്ടികള്‍ സമരം നടത്തിയത്. വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബാലക്ഷേമസമിതി കേസെടുത്തു.

സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും ഗുരുതര വീഴ്ച പറ്റിയെന്ന് ബോധ്യപ്പട്ടതായി ബാലക്ഷേമ സമിതി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡി.എം.ഒയോടും ഡെപ്യൂട്ടി ഡയറക്ടറോടും വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം സ്‌കൂള്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ കടുത്ത നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും അരവിന്ദാക്ഷന്‍ അറിയിച്ചു.അധികൃതര്‍ക്ക് വീഴ്ച്ച പറ്റിയ സാഹചര്യത്തില്‍ കൂടുതല്‍ നടപടി കൈകൊള്ളാനാണ് തീരുമാനം. ഇതിൻ്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ മുഴുവന്‍ സ്‌കൂളും പരിസരവും വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും ജില്ലാ കളക്ടറും ഉത്തരവുകളിറക്കിയിട്ടുണ്ട്. ജില്ലയിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് പരിശീലനം നൽകാൻ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

0Shares