കോഴിക്കോട്: ശബരിമല ദര്‍ശനം നിഷേധിക്കപ്പെട്ട യുവതിക്ക് വാടകവീട്ടിലും ജോലിസ്ഥലത്തും വിലക്ക്. കോഴിക്കോട് നിന്ന് ശബരിമല കയറാന്‍ പോയ ബിന്ദു തങ്കം കല്യാണിക്കാണ് പ്രതികാര നടപടികളും ഭീഷണിയും നേരിടേണ്ടി വരുന്നത്. ചേവായൂരിലെ വാടക വീട്ടിലേക്ക് തിരികെ വരേണ്ടെന്നാണ് വീട്ടുടമയുടെ നിര്‍ദേശം. അറിയിപ്പ് കിട്ടിയ ശേഷം ജോലിക്ക് വന്നാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതരും അറിയിച്ചു. ചേവായൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും എത്തി പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി സ്‌കൂളിലേക്ക് വരേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.
സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ് ബിന്ദു. ചേവായൂരിലേക്ക് ചെല്ലാനാവാത്ത സാഹചര്യത്തില്‍ സുഹൃത്തിന്റെ ഫ്‌ളാറ്റിലാണ് അഭയം തേടിയത്. ഇവിടെയും പ്രതിഷേധമാണ്. തുടര്‍ന്ന് ബിന്ദു പോലീസില്‍ പരാതി പെട്ടു. കസബ പോലീസെത്തി ബിന്ദുവിനെയും സുഹൃത്തുകളെയും ഫ്ലാറ്റില്‍ നിന്ന് മാറ്റി. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവരെ എവിടേക്കാണ് മാറ്റിയതെന്ന കാര്യം പോലീസ് വ്യക്തമാക്കിയട്ടില്ല. തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെ തിങ്കളാഴ്ചയാണ് ബിന്ദു ശബരിമല ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോവുകയായിരുന്നു.
ശബരിമല ദര്‍ശനത്തിന് പോയ ടീച്ചര്‍ക്ക് തിരിച്ചുവന്നപ്പോള്‍ കിട്ടിയത് എട്ടിൻ്റെ പണി