കാസര്‍കോട്: സുപ്രീംകോടതി വിധി നടപ്പാക്കാനെന്ന വാശിയില്‍ മുന്നോട്ട്‌പോകുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും നാമ ജപത്തില്‍ പങ്കെടുത്തൂ എന്ന കാരണത്താല്‍ അകാരണമായി അയ്യപ്പഭക്തന്മാരെ പോലീസ് വീട്ടില്‍ കയറി കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുന്നതിലും പ്രതിഷേധിച്ച് ‘ശബരിമല കര്‍മ്മസമിതി’ ആചാര സംരക്ഷണ സമ്മേളനം നടത്തുന്നു. ഇതിന്റെ ഭാഗമായി കാസര്‍കോട് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 12/11/2018 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് കാസര്‍കോട് പൊയിനാച്ചിയില്‍ വെച്ച് നടത്തുന്ന സമ്മേളനത്തില്‍ ജില്ലയിലെ 500 ഓളം മുതിര്‍ന്ന ഗുരുസ്വാമിമാരും 5000 ഓളം അയ്യപ്പഭക്തന്മാരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ ചെയര്‍മാന്‍ ഏ.കെ.ദിവാകരന്‍ പരിപാടിയില്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോ: സെക്രട്ടറി പി.ജി.കണ്ണന്‍ ഉദ്ഘാടനം ചെയ്യും. ശബരിമല കര്‍മ്മസമിതി സംസ്ഥാന സമിതി അംഗം എന്‍.പി.രാധകൃഷ്ണന്‍ പ്രഭാഷണം നടത്തും. വിവിധ ഹൈന്ദവ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. ദാമോദര പണിക്കര്‍ സ്വാഗതവും പറയും. പത്രസമ്മേളനത്തില്‍ ശബരിമല കര്‍മ്മസമിതി ജില്ല വര്‍ക്കിംഗ് ചെയര്‍മാന്‍ ദാമോദര പണിക്കര്‍, ജില്ല ജനറല്‍ കണ്‍വീനര്‍ കെ.വി. ഉണ്ണികൃഷ്ണന്‍, കണ്‍വീനര്‍ ടി.വി.ഷിബിന്‍ തൃക്കരിപ്പൂര്‍, മുരളീധരന്‍ കാസര്‍കോട്, വൈസ് ചെയര്‍മാന്‍ മോനപ്പ ഗുരുസ്വാമി, എസ്.പി.ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
ശബരിമല കര്‍മ്മസമിതി ആചാര സംരക്ഷണ സമ്മേളനം കാസര്‍കോടില്‍ നടക്കും