
തൃശ്ശൂർ: ശബരിമല വിഷയത്തിലും അയ്യപ്പന്‍റെയും പേരിൽ വോട്ട് തേടിയതിന് തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി അനുപമ നോട്ടീസയച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം ലംഘിച്ചതിനാണ് നോട്ടീസ്. സുരേഷ് ഗോപി പ്രസംഗത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസിൽ ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടുന്നു.

പ്രഥമ ദൃഷ്ട്യാ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് വ്യക്തമായ പ്രസംഗം സൂക്ഷ്മമായി പരിശോധിച്ചാണ് ടി. വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിന്മേല്‍ 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ജില്ലാ കളക്ടർ സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം. നിശ്ചിത സമയത്തിനുള്ളിൽ നൽകിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക.
