ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രം പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ഒരുപോലെ ആരാധന നടത്താന്‍ കഴിയണമെന്ന് സുപ്രീംകോടതി. എന്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് സുപ്രീംകോടതി ചോദിച്ചു. പൊതുജനത്തിനായി ശബരിമല തുറന്നിട്ടുണ്ടെങ്കില്‍ എല്ലാവര്‍ക്കും പോകാനാകണം അല്ലെങ്കില്‍ അത് ഭരണഘടന വിരുദ്ധമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പൂജയ്ക്കല്ല, പ്രാര്‍ഥനയ്ക്കുളള അവകാശമാണ് വേണ്ടതെന്ന് ‘ഹാപ്പി ടു ബ്ലീഡ്’ സംഘടന അറിയിച്ചു. ആര്‍ത്തവത്തിന്റെ പേരിലുളള വിവേചനം തൊട്ടുകൂടായ്മയായി കാണണമെന്നും വാദമുന്നയിച്ചു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് യംഗ് ലോയേഴ്‌സ് യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേസില്‍ വാദം ഇപ്പോഴും തുടരുകയാണ്.
അതേസമയം ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ശബരിമലയുമായി ബന്ധപ്പെട്ട നിയപരമായ കാര്യങ്ങളാണ് പരിശോധിക്കുക. ശബരിമലയിലെ ഭരണകാര്യങ്ങളില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
