കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും കാസര്‍കോട്ടും പരിസര പ്രദേശത്തും പരക്കെ നാശം. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് ശക്തമായ മഴയും കാറ്റും മിന്നലും കാസര്‍കോട്ടെത്തിയത്. നഗരത്തില്‍ പലേടങ്ങളിലും പരസ്യബോര്‍ഡുകള്‍ തകര്‍ന്നു വീണു. മൊബൈല്‍ ടവറുകള്‍ക്കും കേട് പാട് സംഭവിച്ചു.ഭീതിജനകമായ അവസ്ഥയായിരുന്നു നഗരത്തില്‍ ഏതാനും സമയം. അമെയ് കോളനിയിലെ ഏതാനും വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. മൈലാട്ടിയില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ലൈനില്‍ മരം വീണതിനാല്‍ വൈദ്യുതിയും നിലച്ചു. ദേശീയപാതയോരത്ത് നുള്ളിപ്പാടിയില്‍ വാണിജ്യാവശ്യത്തിന് തയ്യാറാക്കിയ വലിയ പന്തല്‍ നിലംപൊത്തി. നുള്ളിപ്പാടിയില്‍ മതിലിടിഞ്ഞ് ജനാര്‍ദനന്റെ വീട്ടുമുറ്റം ചെളിക്കളമായി. യെല്ലോ അലര്‍ട്ടായിരുന്നു ജില്ലയില്‍ എന്നതിനാല്‍ കാര്യമായ ഭീഷണിയുണ്ടായിരുന്നില്ല. പകല്‍ മൂന്നിനു ശേഷം പെട്ടെന്നു വീശിയ ചുഴലിക്കാറ്റും ഇടിയും മിന്നലും ഏതാനും സമയം കനത്ത ഭീതിവിതച്ചു. റോഡുകളില്‍നിന്ന് വാഹനങ്ങളെല്ലാം ഒഴിവായത് വളരെ പെട്ടെന്നായിരുന്നു. ചുഴലിക്കാറ്റു കടന്നുപോയ ഭാഗത്തുണ്ടായിരുന്ന മരങ്ങള്‍ പലതും നിലംപതിച്ചു. ബിഗ്ബസാറിനു മുകളില്‍ ഇരുമ്പുകമ്പിയിട്ടുറപ്പിച്ച മേല്‍ക്കൂര പറന്ന് തൊട്ടടുത്ത കെട്ടിടത്തിനുമുകളിലും താഴെയുമായി പതിച്ചു. ചേരൂര്‍ ബില്‍ഡിങ്ങിനു മുകളിലാണ് തട്ടിയത്. ഇത് ദേശീയപാതയിലേക്ക് എത്തിയിരുന്നു എങ്കില്‍ വന്‍ ദുരന്തമാകുമായിരുന്നു. ഈ കെട്ടിടത്തിന്റെ മുന്നിലും ഇരുമ്പുകമ്പികള്‍ വന്ന് പതിച്ചു. സാധാരണ ഗതിയില്‍ എപ്പോഴും തിരക്കുണ്ടാകുന്ന സ്ഥലത്താണ് ഇരുമ്പുഷീറ്റുകള്‍ പറന്നുവീണത്. ശക്തമായ ഇടിമിന്നലില്‍ ആളുകള്‍ മാറിയതിനാല്‍ വന്‍ ദുരന്തത്തില്‍നിന്നാണ് വ്യാഴാഴ്ച കാസര്‍കോട് രക്ഷപ്പെട്ടത്.
കാസര്‍കോട് പ്രസ്‌ക്ല്ബ് റോഡിലെ ബിഗ് ബസാര്‍ കെട്ടിടത്തിന് മുകളിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് താഴെ പാര്‍ക്ക് ചെയ്തിരുന്ന ആറുകാറുകള്‍ക്ക് കേട് പാട് സംഭവിച്ചു. കാസര്‍കോട് താജ് ഹോട്ടലിന് മുകളിലുള്ള മൊബൈല്‍ ടവര്‍ തകര്‍ന്നതിനേ തുടര്‍ന്ന് ആളുകളെ ലോഡ്ജില്‍ നിന്നും ഒഴിപ്പിച്ചു.പുതിയ ബസ് സ്റ്റാന്‍് പരിസരത്തെ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ക്കൂരയും കാറ്റില്‍ തകര്‍ന്നിട്ടുണ്ട്. കോട്ടക്കണിയില്‍ മരം വീണതിനേ തുടര്‍ന്ന് ഗാതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുമാറ്റുകയാണ്.